ബിപിസിഎൽ സ്വകാര്യവത്കരണ നീക്കത്തിൽനിന്നു പിന്മാറണമെന്നു നിയമസഭാ പ്രമേയം
Wednesday, November 20, 2019 12:01 AM IST
തിരുവനന്തപുരം: കൊച്ചി റിഫൈനറി ഉൾപ്പെടുന്ന ബിപിസിഎൽ സ്വകാര്യവത്കരണ നീക്കത്തിൽനിന്നു കേന്ദ്രസർക്കാർ പിന്മാറണമെന്നു നിയമസഭ പ്രമേയം പാസാക്കി. 25,000 കോടി രൂപ മുതൽമുടക്കിൽ കൊച്ചിയിൽ വൻകിട പെട്രോ കെിമക്കൽ പാർക്ക് സ്ഥാപിക്കാനുള്ള സംസ്ഥാനത്തിന്റെ നടപടിയെ സ്വകാര്യവത്കരണ നീക്കം അനിശ്ചിതത്വത്തിലാക്കുമെന്നു മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി ഇ.പി. ജയരാജൻ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.
എണ്ണ സംസ്കരണം- വില്പന പോലുള്ള തന്ത്രപ്രധാന മേഖലകളിൽ സ്വകാര്യ കുത്തകകൾക്ക് അധീശത്വം സ്ഥാപിക്കാൻ വഴിയൊരുക്കുന്ന നടപടികളിൽനിന്നു കേന്ദ്രം പിന്മാറണം. 30,000 സ്ഥിരം, കരാർ ജീവനക്കാരുടെ തൊഴിൽസ്ഥിരതയെ ഇതു ബാധിക്കും. പാചകവാതക ഉപയോക്താക്കൾക്കു ലഭിച്ചുവരുന്ന സബ്സിഡി നഷ്ടമാകും. കഴിഞ്ഞ അരനൂറ്റാണ്ടായി ലാഭത്തിൽ പ്രവർത്തിക്കുന്ന ബിപിസിഎലിന്റെ 53.29 ശതമാനം ഓഹരികളും കേന്ദ്രത്തിന്റേതാണ്. അതു പൂർണമായി വിറ്റഴിക്കുന്നതു സ്വകാര്യ കുത്തകകൾക്കു വൻ നേട്ടമുണ്ടാക്കാൻ അവസരമൊരുക്കും.
നികുതിയിനത്തിൽ ഭീമമായ തുക സർക്കാരിനു നൽകുന്ന സ്ഥാപനം ഇല്ലാതാകും. പൊതുമേഖലാ എണ്ണക്കന്പനികളുടെ സ്വകാര്യവത്കരണം രാജ്യസുരക്ഷയെത്തന്നെ ബാധിക്കുമെന്നും ചട്ടം 118 അനുസരിച്ചു നിയമസഭ അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു.