കർഷക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് ഇൻഫാം കണ്വൻഷൻ
Thursday, November 21, 2019 12:08 AM IST
പാലാ: ചതിക്കുഴികൾ തിരിച്ചറിഞ്ഞു സംഘടിച്ചു പ്രതികരിക്കാൻ ഇൻഫാമിന്റെ ആഭിമുഖ്യത്തിൽ പാലായിൽ ചേർന്ന കർഷക കണ്വൻഷൻ തീരുമാനിച്ചു. പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ പാലാ ബിഷപ്സ് ഹൗസിൽ രൂപതയിലെ 17 ഫൊറോനകളിൽനിന്ന് ഒത്തുകൂടിയ ഇരുന്നൂറിലധികം വരുന്ന കർഷക പ്രതിനിധികളുടെ യോഗമാണ് പ്രക്ഷോഭത്തിനു തീരുമാനിച്ചത്.
പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനംചെയ്തു. ഭക്ഷ്യവിഭവങ്ങളും നാണ്യവിളകളും സമൃദ്ധമായി ഉത്പാദിപ്പിച്ചിരുന്ന മീനച്ചിൽ പ്രദേശത്തു പ്രതിസന്ധികൾ മൂലം കാർഷികവൃത്തി ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥ വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. കർഷകനു ജീവിക്കാനും സന്പാദിക്കാനും ആവശ്യമായ വരുമാനം കൃഷിയിലൂടെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാരുകൾക്കു കടമ ഉണ്ടെന്നു മാർ കല്ലറങ്ങാട്ട് ഓർമിപ്പിച്ചു.
കർഷക പെൻഷൻ കൂട്ടുക, കർഷകർക്ക് കൂടുതൽ സബ്സിഡികൾ അനുവദിക്കുക, കർഷക സംഘങ്ങളുമായി ചേർന്നു കർഷക കന്പനികൾ രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ ഗൗരവമായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇൻഫാം ജില്ലാ പ്രസിഡന്റ് മാത്യു മാംപറന്പിൽ അധ്യക്ഷതവഹിച്ചു. വികാരി ജനറാൾ മോണ്. ജോസഫ് കുഴിഞ്ഞാലിൽ, ഇൻഫാം ഡയറക്ടർ ഫാ. ജോസ് തറപ്പേൽ, സോഷ്യൽ സർവീസ്- കർഷക ദള ഡയറക്ടർ ഫാ. മാത്യു പുല്ലുകാലായിൽ, സെക്രട്ടറി ബേബി പന്തപള്ളിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിറിൽ തയ്യിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഷെവ.വി.സി. സെബാസ്റ്റ്യൻ കാർഷിക വിഷയങ്ങളെ അധികരിച്ചു പ്രസംഗിച്ചു.
ആർസിഇപി കരാർ, പരിസ്ഥിതിലോല പ്രദേശങ്ങളിലെ കർഷകരുടെ ദുരവസ്ഥ, വന്യജീവികൾ കാർഷിക വിളകൾ നശിപ്പിക്കുന്ന അവസ്ഥ, തോട്ടം -പുരയിടം വിഷയം, ഭൂവിനിയോഗ ബില്ലിലെ അപാകതകൾ തുടങ്ങിയ കർഷക പ്രശ്നങ്ങളിൽ പ്രക്ഷോഭം നടത്താനും യോഗം തീരുമാനിച്ചു.