വനിതാ സംവിധായകരുടെ ഹര്‍ജി തള്ളി
Thursday, November 21, 2019 12:19 AM IST
കൊച്ചി: വനിതകള്‍ക്കു സിനിമ സംവിധാനം ചെയ്യാന്‍ സാമ്പത്തിക സഹായം അനുവദിക്കുന്നതിനുള്ള ചലച്ചിത്ര വികസന കോര്‍പറേഷന്റെ പദ്ധതിയിലേക്കു താരാ രാമാനുജം, ഐ.ജി. മിനി എന്നിവരുടെ സിനിമകള്‍ തെരഞ്ഞെടുത്തതിനെതിരേ നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.
ഇവരുടെ സിനിമകള്‍ തെരഞ്ഞെടുത്തതു നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്നു ചൂണ്ടിക്കാട്ടി വനിതാ സംവിധായകരായ വിദ്യാ മുകുന്ദന്, ജി. ഗീത, ആന്‍ കുര്യന്, അനു ചന്ദ്ര എന്നിവര്‍ നല്കിയ ഹര്‍ജിയാണ് സിംഗിള്‍ബെഞ്ച് തള്ളിയത്. ഹര്‍ജിക്കാരും പദ്ധതിയിലേക്ക് അപേക്ഷ നല്‍കിയിരുന്നു.
പ്രാഥമിക സ്ക്രീനിംഗ് നടത്തുമെന്നു പറഞ്ഞിരുന്നെങ്കിലും അപേക്ഷകരെല്ലാം മികച്ചവരായിരുന്നതിനാല് ജൂറി അംഗങ്ങള്‍ സ്ക്രിപ്റ്റ് പരിശോധിച്ച് വിദഗ്ധ തീരുമാനം എടുക്കുകയാണ് ചെയ്തതെന്നു കോര്പറേഷന് വ്യക്തമാക്കി. ഇതില്‍ അപാകതയില്ലെന്നു വിലയിരുത്തിയാണു കോടതി തീരുമാനം.