അലൻ ഷുഹെെബിന്റെയും താഹയുടെയും ജാമ്യാപേക്ഷകൾ വിധി പറയാൻ മാറ്റി
Friday, November 22, 2019 1:11 AM IST
കൊച്ചി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് പന്തീരാങ്കാവ് പോലീസ് അറസ്റ്റുചെയ്ത അലൻ ഷുഹൈബും താഹ ഫസലും നൽകിയ ജാമ്യാപേക്ഷകൾ വാദം പൂർത്തിയായതിനെത്തുടർന്ന് ഹൈക്കോടതി വിധി പറയാൻ മാറ്റി. യുഎപിഎ ചുമത്തിയ കേസിൽ അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നും പോലീസ് ഹൈക്കോടതിയിൽ വാദിച്ചു. കേസ് ഡയറിയും ഹാജരാക്കിയിരുന്നു.
കഴിഞ്ഞ നവംബർ ഒന്നിനാണ് അലനും താഹയും പോലീസിന്റെ പിടിയിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഉസ്മാൻ എന്ന പ്രതി ഓടി രക്ഷപ്പെട്ടെന്നും ഇയാൾക്കെതിരേ യുഎപിഎ പ്രകാരമുള്ള കേസുകൾ നിലവിൽ ഉണ്ടെന്നും പോലീസ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഉസ്മാനെ പിടികൂടേണ്ടതുണ്ട്. അറസ്റ്റിലായ പ്രതികളിൽനിന്ന് നാലു ഭാഷകളിൽ തയാറാക്കിയ മാവോയിസ്റ്റ് ലഘുലേഖകൾ പിടിച്ചെടുത്തു. കൂടുതൽ അന്വേഷണം അനിവാര്യമാണ്. ഇവരിൽ നിന്ന് പിടിച്ചെടുത്ത പെൻഡ്രൈവുകളിൽനിന്ന് വിവരങ്ങൾ ശേഖരിക്കണം. കോഡ് ഭാഷയിൽ പ്രതികളെഴുതിയ രേഖകളുടെ യഥാർഥ വസ്തുത കണ്ടെത്തേണ്ടതുണ്ടെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.