വിഴിഞ്ഞം എന്നു തീരുമെന്നു സർക്കാരിനോടു ചെന്നിത്തല
Thursday, December 5, 2019 11:25 PM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനായി കഴിഞ്ഞ നാലു വർഷം കൊണ്ട് അദാനി ഗ്രൂപ്പ് എന്താണു ചെയ്തതെന്നു സർക്കാർ പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിർമാണം പൂർത്തിയാക്കാത്ത സാഹചര്യത്തിൽ മൂന്നു മാസം കഴിഞ്ഞാൽ അദാനി ഗ്രൂപ്പ് കരാർ പ്രകാരം സർക്കാരിനു നൽകേണ്ട 12 ലക്ഷം രൂപ നഷ്ടപരിഹാരം വാങ്ങിയെടുക്കുമോ എന്നും രമേശ് ചോദിച്ചു.
2015 ഓഗസ്റ്റിലാണ് തുറമുഖത്തിനായി കരാർ ഒപ്പിട്ടത്. ആ വർഷം ഡിസംബർ അഞ്ചിനു പണി തുടങ്ങി. നാലു വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്നാണു കേരള സർക്കാരും അദാനി ഗ്രൂപ്പും തമ്മിൽ കരാർ ഉണ്ടാക്കിയത്. ആയിരം ദിനം കൊണ്ടു പൂർത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പുകാർ അന്ന് ഉറപ്പു നൽകി. എന്നാൽ, ഇപ്പോൾ നാലു വർഷം പൂർത്തിയായപ്പോൾ 25 ശതമാനം പണി പോലും പൂർത്തിയായിട്ടില്ല. വിഴിഞ്ഞത്തിന്റെ പണി പൂർത്തിയാകേണ്ട ദിവസം മുഖ്യമന്ത്രി ദക്ഷിണ കൊറിയയിലെ ബുസാൻ തുറമുഖം സന്ദർശിക്കുകയായിരുന്നു. സ്വന്തം നാട്ടിൽ നടക്കുന്ന തുറമുഖത്തിന്റെ നിർമാണ പുരോഗതി എന്തായി എന്ന് അന്വേഷിക്കാൻ അദ്ദേഹത്തിനു സമയമില്ല.
3.1 കിലോമീറ്റർ ദൈർഘ്യത്തിൽ നിർമിക്കേണ്ട പുലിമുട്ടിന്റെ 25 ശതമാനത്തിൽ താഴെയേ പൂർത്തിയായിട്ടുള്ളു. ഇനിയും ഒരു ലക്ഷം ടണ് പാറക്കല്ലു കിട്ടിയാലേ പുലിമുട്ടു നിർമാണം പൂർത്തിയാക്കാൻ കഴിയുകയുള്ളു എന്നാണു പറയുന്നത്. തടസങ്ങൾ നീക്കി പാറ ലഭ്യമാക്കാൻ സർക്കാർ എന്തു മോണിട്ടറിംഗ് ആണു നടത്തിയതെന്നു രമേശ് ചോദിച്ചു.
പദ്ധതിയുടെ മേൽനോട്ടത്തിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല കമ്മിറ്റിയുണ്ട്. ഈ കമ്മിറ്റി എപ്പോഴൊക്കെ യോഗം കൂടിയെന്നു വ്യക്തമാക്കണം. വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിൽ അദാനി ഗ്രൂപ്പ് കരാർ ലംഘനം നടത്തിയോ എന്നു സർക്കാർ വ്യക്തമാക്കണം. പദ്ധതിക്കുള്ള ആകെ ചെലവ് 7525 കോടിയാണ്. ഇതിൽ 5071 കോടി സർക്കാരിന്റെ മുതൽമുടക്കാണ്. 500 ഏക്കർ ഭൂമിയാണ് അദാനിക്ക് ഇവിടെ നൽകിയിട്ടുള്ളത്. ചുളുവിൽ ഭൂമി കൈക്കലാക്കി ഓരോ കാരണങ്ങൾ പറഞ്ഞ് അദാനി പദ്ധതി നീട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയാണെങ്കിൽ സർക്കാർ ഇടപെടണം.
കേരളത്തിന്റെ ഏറ്റവും വലിയ സ്വപ്ന പദ്ധതിയാണ് വിഴിഞ്ഞം. യുഡിഎഫിന്റെ കാലത്ത് വളരെ വേഗമാണ് പണി നീങ്ങിയിരുന്നത്. ഇടതു സർക്കാർ പദ്ധതി നടത്തിപ്പിൽ ഒരു താത്പര്യവും കാണിച്ചില്ല. പകരം രാഷ്ട്രീയ താത്പര്യത്തോടെ പദ്ധതിയിൽ അഴിമതി കണ്ടെത്താനായിരുന്നു ഉത്സാഹിച്ചത്. അതിനു ജുഡീഷൽ കമ്മീഷനെയും വച്ചു. കരാറിൽ ഒരു കുഴപ്പവുമില്ലെന്നാണ് കമ്മീഷൻ കണ്ടെത്തിയത്. അതോടെ സർക്കാരിനു പദ്ധതിയിലുള്ള താത്പര്യവും നഷ്ടപ്പെട്ടെന്ന് രമേശ് കുറ്റപ്പെടുത്തി.
ഓഖി ദുരന്തവും പാറയുടെ ക്ഷാമവും പദ്ധതിയുടെ നിർമാണം വൈകാൻ ഇടയാക്കിയെന്ന നിലപാടെടുത്ത് അദാനിയെ സഹായിക്കാൻ സർക്കാർ ഒത്തുകളി നടത്തുകയാണെന്ന് എം. വിൻസന്റ് എംഎൽഎ ആരോപിച്ചു. ഇതുവഴി അദാനി ഗ്രൂപ്പ് നഷ്ടപരിഹാരം നൽകുന്നത് ഒഴിവാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ സർക്കാർ ഒരു ഇടപെടലും നടത്തുന്നില്ലെന്നും രമേശ് കുറ്റപ്പെടുത്തി.