ഷഹ്ലയുടെയും നവനീതിന്റെയും കുടുംബങ്ങൾക്ക് 10 ലക്ഷം വീതം സഹായം
Saturday, December 7, 2019 12:16 AM IST
തിരുവനന്തപുരം: സുൽത്താൻ ബത്തേരി ഗവണ്മന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പാന്പു കടിയേറ്റുമരിച്ച അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹ്ല ഷെറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ സഹായം നൽകും. സ്കൂൾ വളപ്പിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ പരിക്കേറ്റു മരിച്ച ആലപ്പുഴ നൂറനാട് പുതുപ്പള്ളിക്കുന്നം വിനോദ് ഭവനിൽ സന്തോഷിന്റെ മകൻ നവനീതിന്റെ കുടുംബത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കും.
കഴിഞ്ഞമാസം 20നാണ് ക്ലാസ്മുറിയിൽ വച്ച് ഷഹ്ല ഷെറിന് പാന്പുകടിയേറ്റത്. യഥാസമയം ആശുപത്രിയിലെത്തിക്കുന്നതിനും ചികിത്സ നൽകുന്നതിലും അധ്യാപകരും ഡോക്ടർമാരും വീഴ്ച വരുത്തിയെന്ന ആരോപണം ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ചുനക്കര ഗവണ്മന്റ് വിഎച്ച്എസ്ഇയിലെ ആറാം ക്ലാസ് വിദ്യാർഥിയായ നവനീത് മരിച്ചത് നവംബർ 22നാണ്. ക്രിക്കറ്റ് കളിക്കുന്നതിന് ബാറ്റായി ഉപയോഗിച്ച തടിക്കഷണം തെറിച്ചു വീഴുകയായിരുന്നു.