മരട് ഫ്ളാറ്റ് പൊളിക്കൽ: സമീപവാസികൾക്ക് നൂറു കോടിയുടെ ഇൻഷ്വറൻസ് പരിരക്ഷ
Tuesday, December 10, 2019 11:40 PM IST
മരട്: സുപ്രീംകോടതി ഉത്തരവു പ്രകാരം മരടിലെ അനധികൃത ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുനീക്കുമ്പോൾ സമീപത്തെ വീടുകൾക്കും, കെട്ടിടങ്ങൾക്കുമുള്ള ഇൻഷ്വറൻസ് തുകയുടെ കാര്യത്തിൽ തീരുമാനമായി. നൂറു കോടിയുടെ ഇൻഷ്വറൻസ് പരിരക്ഷയാണ് നല്കുന്നത്. ഓരോ ഫ്ലാറ്റിനും പ്രത്യേകം പോളിസിയാണ് നിശ്ചയിച്ചിരിക്കുന്നത്. ഗോൾഡൻ കായലോരം- 10 കോടി രൂപ, ആൽഫയുടെ രണ്ടു കെട്ടിടങ്ങൾക്കും കൂടി 50 കോടി, ജെയിൻ ഹൗസിംഗ് 15 കോടി, ഹോളി ഫെയ്ത്ത് എച്ച്ടുഒ 25 കോടി എന്നിങ്ങനെ ആകെ 100 കോടി രൂപയ്ക്കാണ് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നത്. 86 ലക്ഷം രൂപയാണ് ആകെ പ്രീമിയം തുക. ഇതു പൊളിക്കുന്ന കമ്പനികൾ വഹിക്കും.
സ്ഫോടനം നടത്തുന്ന ദിവസം മുതൽ 12 മാസമാണ് ഇൻഷ്വറൻസ് പരിരക്ഷാ കാലയളവ്. ഇതിൽ ആറു മാസം പോളിസി പീരീഡും തുടർന്നുള്ള ആറു മാസം ക്ലെയിം പീരീഡുമാണ്.
എന്നാൽ, പോളിസി വ്യവസ്ഥകളിൽ സമീപവാസികൾ തൃപ്തരല്ല. ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ തങ്ങളുടെ കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചാൽ കിട്ടുന്ന ഇൻഷ്വറൻസ് തുക കൊണ്ട് അതുപോലൊരു കെട്ടിടം ഇന്നത്തെ നിലയ്ക്ക് നിർമിക്കാൻ സാധിക്കില്ലെന്നും ഇൻഷ്വറൻസ് തുക കിഴിച്ചുള്ള അധികച്ചെലവ് സർക്കാർ വഹിക്കണമെന്നും സമീപവാസികൾ ആവശ്യപ്പെട്ടു.