നീതി നടപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണം: മനുഷ്യാവകാശ കമ്മീഷൻ
Wednesday, December 11, 2019 12:25 AM IST
ആലുവ: രാജ്യത്ത് നീതി നടപ്പാക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് ആന്റണി ഡൊമിനിക് . ഇക്കാര്യം രാഷ്ട്രീയ നേതൃത്വവും കോടതിയുമെല്ലാം അംഗീകരിക്കുന്ന വസ്തുതയാണ്. അതിന് പല കാരണങ്ങളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കോടതികൾ കഠിനധ്വാനം ചെയ്യുന്നില്ലെന്ന് അർഥമില്ല. ആലുവയിൽ ദേശീയ മനുഷ്യാവകാശ ദിനാചരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ചെയർമാൻ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
കോടതികളിലെ അംഗബലക്കുറവാണ് പ്രതിസന്ധിക്കു പ്രധാന കാരണം. യൂറോപ്പ്യൻ രാജ്യങ്ങളിൽ പത്തു ലക്ഷം പേർക്ക് നൂറിലധികം ന്യായാധിപന്മാരുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഇവിടെ ലോ കമ്മീഷൻ ന്യായാധിപന്മാരുടെ അംഗബലം 50 ആക്കണമെന്ന് ശിപാർശ നൽകിയിട്ടും ഇന്നും 15 ആണ്. മറ്റൊന്ന് കോടതികളുടെ കുറവാണ്. പുതിയ കുറ്റകൃത്യങ്ങൾ ഗണ്യമായി കൂടുന്നതും പ്രധാന പ്രശ്നമാണ്. ഈ പ്രശ്നം പരിഹരിക്കേണ്ടത് സർക്കാരാണ്. സർക്കാർ ഉത്തരവാദിത്വം നിർവഹിക്കുന്നില്ലെന്ന് അഭിപ്രായമില്ല. എന്നാൽ ആവശ്യത്തിനനുസരിച്ച് ഉയരുന്നില്ല. കമ്മീഷൻ അംഗം ജസ്റ്റീസ് കെ. മോഹനദാസും ചെയർമാനൊപ്പം ഉണ്ടായിരുന്നു.