ഇന്റർചർച്ച് കൗണ്‍സിൽ യോഗം തിരുവനന്തപുരത്ത് ഇന്ന്
Friday, January 17, 2020 12:09 AM IST
കൊച്ചി: ഇന്റർചർച്ച് കൗണ്‍സിലിന്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളുടെ മേലധ്യക്ഷൻമാരുടെ സമ്മേളനം ഇന്നു രാവിലെ 10ന് പട്ടം മലങ്കര മേജർ ആർച്ച്ബിഷപ്സ് ഹൗസിൽ നടക്കുമെന്നു കൗണ്‍സിൽ പ്രസിഡന്റും സീറോ മലബാർ സഭാ മേജർ ആർച്ചുബിഷപ്പുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അറിയിച്ചു. വിവിധ സഭകളെ പ്രതിനിധീകരിച്ചു 16 മെത്രാപ്പോലീത്തമാരും മെത്രാന്മാരും പങ്കെടുക്കും.
കെസിബിസി പ്രസിഡന്റ്കൂടിയായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ, സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, മാർത്തോമ്മ സഭാധ്യക്ഷൻ ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത, മാർ അപ്രേം മൂക്കൻ മെത്രാപ്പോലീത്ത തുടങ്ങിയവർ സംസാരിക്കും.
കേരളത്തിലെ ക്രൈസ്തവസഭകളുമായി ബന്ധപ്പെട്ട പൊതുവിഷയങ്ങൾക്കു പുറമേ, സമകാലിക സാമൂഹ്യ, രാഷ്ട്രീയ സാഹചര്യങ്ങളെയും ഇന്റർ ചർച്ച് കൗണ്‍സിൽ യോഗം അവലോകനം ചെയ്യും. വിവിധ ക്രൈസ്തവ സഭകളിൽനിന്നു വൈദിക, അല്മായ പ്രതിനിധികളും പങ്കെടുക്കും.