നിരപരാധിക്ക് ജയിൽ: പോലീസിനെതിരേ കർശനശിക്ഷ വേണമെന്നു നിയമസഭാ സമിതി
Friday, January 17, 2020 12:10 AM IST
കണ്ണൂർ: നിരപരാധിയെ പ്രതിയാക്കി ജയിലിൽ അടച്ചുവെന്ന പരാതിയില്‍ പോലീസിനെതിരേ സ്വീകരിച്ച വകുപ്പുതല നടപടി പോരെന്നും കൂടുതല്‍ കര്‍ശനവും മാതൃകാപരവുമായ നടപടി വേണമെന്നും നിയമസഭാസമിതി ശിപാര്‍ശചെയ്തു. പ്രതിയെന്നു തെറ്റിദ്ധരിച്ച് കേസില്‍പ്പെടുത്തി 54ദിവസം ജയിലില്‍ കിടക്കേണ്ടിവന്നതിന് കാരണക്കാരായ എസ്ഐക്കും രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ നടപടി ആവശ്യപ്പെട്ട് താജുദ്ദീന് എന്നയാള്‍ നല്കിയ പരാതിയിലാണ് കണ്ണൂർ കളക്ടറേറ്റിൽ നടത്തിയ സിറ്റിംഗിൽ സമിതിയുടെ പരാമര്‍ശം.
ഈ പരാതിയില്‍ വകുപ്പുതല നടപടിയായി എസ്ഐയെ ലോക്കല്‍ സ്റ്റേഷനില്‍നിന്ന് സ്ഥലംമാറ്റുകയും മൂന്ന് ഇന്‍ക്രിമെന്റ് തടയുകയും ചെയ്തിരുന്നു. മറ്റു രണ്ട് പോലീസ് ഉദ്യോഗസ്ഥരെ തെളിവില്ലെന്നു കണ്ട് നടപടിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. യഥാര്‍ഥ പ്രതികളെ കണ്ടെത്തുന്നതില്‍ പോലീസ് കാണിച്ച അലംഭാവമാണ് നിരപരാധിയെ പ്രതിയാക്കുന്നതില്‍ എത്തിയതെന്ന് സമിതി ചെയര്മാൻ ചിറ്റയം ഗോപകുമാർ എംഎൽഎ ചൂണ്ടിക്കാട്ടി. പോലീസ് ഇത്തരം കേസുകൾ കൈകാര്യംചെയ്യുമ്പോള്‍ മാനുഷിക പരിഗണന കാണിക്കണമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിയമസഭാസമിതി ചേര്‍ന്ന് ഇക്കാര്യം പരിശോധിച്ച് തുടര്‍നടപടിയെക്കുറിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സ്കൂട്ടറിലെത്തി വീട്ടമ്മയുടെ സ്വര്‍ണമാല പറിച്ചുവെന്ന കേസിലാണ് സിസിടിവി ദൃശ്യത്തിലെ സാമ്യം കാരണം ആളുമാറി കതിരൂര്‍ പുല്യോട് സ്വദേശിയും പ്രവാസിയുമായ താജുദ്ദീനെ ചക്കരക്കല്‍ എസ്ഐ ബിജു അറസ്റ്റ് ചെയ്തത്.