മഞ്ഞനിക്കര തീർഥയാത്ര ഫെബ്രുവരി മൂന്നിനു തുടങ്ങും
Saturday, January 18, 2020 12:01 AM IST
നെടുമ്പാശേരി: ഇന്ത്യയിൽ കബറടങ്ങിയിട്ടുള്ള ഏക അന്ത്യോഖ്യ പാത്രിയർക്കീസായ പരിശുദ്ധ ഇഗ്നായിയോസ് ഏലിയാസ് ത്രിതീയൻ ബാവയുടെ ഖബറിലേക്കുള്ള മഞ്ഞനിക്കര തീർഥയാത്ര ഫെബ്രുവരി മൂന്നിന് ആരംഭിക്കും.
ചെറിയ വാപ്പാലശേരി മാർ ഇഗ്നാത്തിയോസ് പള്ളിയിൽനിന്നാണ് തുടക്കം. മലബാർ ഭദ്രാസനം മുതലുള്ള മേഖലകളിൽനിന്നു വരുന്ന വിശ്വാസികൾ ഇവിടെ കേന്ദ്രീകരിച്ചാണ് യാത്ര ആരംഭിക്കുന്നത്.
അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന തീർഥയാത്രയിൽ പരസഹസ്രം വിശ്വാസികൾ നോമ്പും പ്രാർഥനയോടും കൂടി പങ്കെടുക്കും. പരിശുദ്ധ ബാവയുടെ എണ്ണഛായ ചിത്രം വച്ച് അലങ്കരിച്ച രഥത്തിന് പിന്നിലാണ് തീർഥാടകർ നടക്കുന്നത്. പള്ളിയകത്ത് അനുസ്മരണ പ്രഭാഷണം, ധൂപപ്രാർഥന എന്നിവയ്ക്കുശേഷം ഏബ്രഹാം മാർ സേവേറിയോസ്, ഏലിയാസ് മാർ അത്താനിയോസ് എന്നീ മെത്രാപ്പോലിത്തമാർ ആശീർവദിച്ച് തീർഥാടകരെ യാത്രയാക്കും.
തീർഥാടക സംഘം ഭാരവാഹികളായ ടൈറ്റസ് വർഗീസ് കോർ എപ്പിസ്കോപ്പ, വർഗീസ് അരീക്കൽ കോർഎപ്പിസ്കോപ്പ, ഫാ. വർഗീസ് പാലത്തിൽ, ഫാ. മാത്യൂസ് അരീക്കൽ, ഷെവലിയാർ സി.വൈ. വർഗീസ്, എ.പി. ഏലിയാസ് എന്നിവർ നേതൃത്വം നൽകും. നൂറുകണക്കിന് സ്ഥലങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഏഴിന് വൈകുന്നേരം നാലിന് മഞ്ഞനിക്കരയിലെത്തും. എട്ടുമുതൽ ഏലിയാസ് ത്രിതീയൻ ബാവയുടെ 88-ാം ദുഖറോനോ തിരുനാളിൽ പങ്കെടുത്ത് കബറിടം മുത്തി അനുഗ്രഹം പ്രാപിച്ചാണ് വിശ്വാസികൾ മടങ്ങുക.