സിഎംഎസിൽ എസ്എഫ്ഐക്കെതിരേ വിദ്യാർഥികൾ; സംഘർഷം, ലാത്തിച്ചാർജ്
Saturday, January 18, 2020 12:46 AM IST
കോട്ടയം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിനു സമാനമായ രീതിയിൽ എസ്എഫ്ഐ അക്രമത്തിനെതിരേ വിദ്യാർഥികൾ സംഘടിച്ചതോടെ കോട്ടയം സിഎംഎസ് കോളജിൽ സംഘർഷം. കോളജ് ടൂറിനിടെ വിദ്യാർഥികൾ തമ്മിലുണ്ടായ കശപിശ രാഷ്ട്രീയ പ്രശ്നമാക്കി എസ്എഫ്ഐ ഏറ്റെടുത്തതോടെയാണ് കാന്പസ് സംഘർഷഭരിതമായത്.
ടൂറിനിടെ പ്രശ്നമുണ്ടാക്കിയവർക്കെതിരേ മാനേജ്മെന്റ് നടപടിയെടുത്തെങ്കിലും എസ്എഫ്ഐ വീണ്ടും ഇവർക്കെതിരേയും മറ്റു വിദ്യാർഥികൾക്കെതിരേയും മർദനം അഴിച്ചുവിട്ടു. അക്രമത്തിനായി പുറത്തുനിന്ന് എത്തിയ സംഘത്തെ കോളജിലെ വിദ്യാർഥികളും അധ്യാപകരും ചേർന്നു തടഞ്ഞതോടെ വൻ സംഘർഷമായി മാറി. എസ്എഫ്ഐ നേതാക്കളടക്കമുള്ള സംഘത്തെ കാന്പസിൽ കയറ്റാൻ അനുവദിക്കാതെ കോളജ് ഗേറ്റിൽ സംയുക്ത വിദ്യാർഥികൾ തീർത്ത പ്രതിരോധം സംഘർഷത്തിലും പോലീസ് ലാത്തി വീശലിലും കലാശിച്ചു.