ഗവർണറുടെ വിക്കി പേജ് തിരുത്തി ട്രോളന്മാർ
Sunday, January 19, 2020 12:10 AM IST
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിക്കിപീഡിയ പേജിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ എന്ന് കൂട്ടിച്ചേർത്ത് ട്രോളന്മാർ. ഗവർണറും സർക്കാരും തമ്മിലുള്ള കൊമ്പുകോർക്കൽ രൂക്ഷമായതോടെ ഗവർണറെ അനൂകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ ട്രോളുകളും വിമർശനങ്ങളും നിറയുന്നതിനിടെയാണ് വിക്കിപീഡിയ പേജിലും തിരുത്തല്‍ വന്നത്.
ഇന്നലെ രാവിലെ മുതലാണ് അജ്ഞാത യൂസർമാർ ആരിഫ് മുഹമ്മദ് ഖാനെ കുറിച്ചുള്ള വിക്കിപീഡിയ പേജിൽ ഗവർണർക്കൊപ്പം സംസ്ഥാന ബിജെപിയുടെ അധ്യക്ഷൻ എന്ന് കൂടി ചേർത്തത്. പിന്നീട് പലതവണ ഈ പേജിൽ തിരുത്തലുകൾ പ്രത്യക്ഷപ്പെട്ടു. പതിനൊന്ന് തവണയാണ് ഗവർണറുടെ പേജിൽ ഇന്നലെ തിരുത്തലും കൂട്ടിച്ചേർക്കലും നടന്നത്. കേന്ദ്രത്തിനെതിരെ സംസ്ഥാനം നിയമപരമായി നീങ്ങുമ്പോൾ ഗവർണറെ അറിയിക്കണമെന്ന ചട്ടം സർക്കാർ ലംഘിച്ചെന്നുള്ള വിമർശനവും വാർഡ് വിഭജനത്തിനുള്ള ഓർഡിനൻസ് സംബന്ധിച്ചും സർക്കാരും ഗവർണറും തമ്മിലുള്ള പോര് അനുദിനം ശക്തമാകുന്നതിനിടെയാണ് വിക്കിപീഡിയ സംഭവം.