സോഷ്യലിസ്റ്റ് പാർട്ടി ഏകീകരണം ലക്ഷ്യം: ശരത് യാദവ്
Sunday, January 19, 2020 12:10 AM IST
മട്ടന്നൂർ: കേന്ദ്രസർക്കാരിന്റെ ഭരണഘടനാവിരുദ്ധമായ നീക്കങ്ങൾക്കെതിരേ സോഷ്യലിസ്റ്റ് പാർട്ടികളുടെ ഏകീകരണമാണ് ലക്ഷ്യമെന്ന് എൽജെഡി ദേശീയ പ്രസിഡന്റും മുൻ കേന്ദ്രമന്ത്രിയുമായ ശരത് യാദവ് . മട്ടന്നൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയെ അട്ടിമറിക്കുന്ന പൗരത്വനിയമ ഭേദഗതിക്കെതിരേ രാജ്യം മുഴുവൻ പ്രതിഷേധത്തിലാണ്. രാജ്യത്തെ പിന്നോട്ടു കൊണ്ടുപോകുന്ന നടപടികളാണ് മോദി സർക്കാർ വന്നതുമുതൽ സ്വീകരിക്കുന്നത്. സമ്പദ്വ്യവസ്ഥ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമായ സ്ഥിതിയിലെത്തി. ന്യൂനപക്ഷങ്ങൾ കടുത്ത അരക്ഷിതാവസ്ഥയാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ രാജ്യത്തിന് വഴികാട്ടിയാണ് കേരളം. പൗരത്വ നിയമഭേദഗതിക്കെതിരേ രാഷ്ട്രീയഭേദമന്യേ സംസ്ഥാനം ഒറ്റക്കെട്ടായിനിന്നു. കേരളത്തെ പിന്തുടർന്ന് കൂടുതൽ സംസ്ഥാനങ്ങൾ ഈ നിയമ ഭേദഗതിക്കെതിരേ രംഗത്തുവരികയാണെന്നും യാദവ് പറഞ്ഞു. മുൻമന്ത്രി കെ.പി. മോഹനൻ, സലിം മടവൂർ, വി. രാജേഷ് പ്രേം, കെ.പി. പ്രശാന്ത്, ഷാജി പടിഞ്ഞാറെക്കണ്ടി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.