32 ലക്ഷത്തിന്റെ സ്വർണം പിടികൂടി
Monday, January 20, 2020 11:34 PM IST
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 32 ലക്ഷം രൂപ വിലവരുന്ന സ്വർണമാണു പിടികൂടിയത്. കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ ദോഹയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലെത്തിയ കോഴിക്കോട് കല്ലായി സ്വദേശിയായ അബ്ദുൾ മുനീറിൽനിന്നാണ് 808 ഗ്രാം തൂക്കം സ്വർണം പിടികൂടിയത്.
കസ്റ്റംസ് അസി. കമ്മീഷണർ മധുസൂദനൻ ഭട്ടിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സംശയം തോന്നിയ യുവാവിനെ കസ്റ്റഡിയിലെടുത്തു പരിശോധിച്ചപ്പോഴാണ് സ്വർണം ഒളിപ്പിച്ചുവച്ചതു കണ്ടെത്തിയത്. ഒരു മാസത്തിനുള്ളിൽ സ്വർണ ബിസ്കറ്റുകൾ ഉൾപ്പെടെ കോടികൾ വരുന്ന സ്വർണം കസ്റ്റംസ് പിടി കൂടിയിരുന്നു. ശരീരത്തിലും വിമാനത്തിലെ സീറ്റിനുള്ളിലും ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു സ്വർണം പിടികൂടിയിരുന്നത്.