കൊട്ടിയൂരിൽ തോക്കുമായി മാവോയിസ്റ്റുകൾ പ്രകടനം നടത്തി
Monday, January 20, 2020 11:34 PM IST
അമ്പായത്തോട്(കണ്ണൂർ): കൊട്ടിയൂർ അമ്പായത്തോട് ടൗണിൽ ആയുധധാരികളായ മാവോയിസ്റ്റുകളുട പ്രകടനം. ഇന്നലെ രാവിലെ ആറിന് സായുധരായ നാലംഗ സംഘമാണ് എത്തിയത്.
ഒരു സ്ത്രീയും മൂന്നു പുരുഷൻമാരും അടങ്ങുന്ന സംഘമാണു മാവോയിസ്റ്റ് മുദ്രാവാക്യങ്ങൾ മുഴക്കി പ്രകടനം നടത്തിയത്. തുടർന്നു ലഘുലേഖകൾ വിതരണം ചെയ്യുകയും ടൗണിൽ പോസ്റ്ററുകൾ പതിക്കുകയും ചെയ്തു. അര മണിക്കൂറിനു ശേഷം തിരിച്ചു പോകുകയായിരുന്നു. കൊട്ടിയൂർ വന്യജീവി സങ്കേതത്തിലെ വഴിയിലൂടെയാണു സംഘം ടൗണിലെത്തിയത്. അതേ വഴിയാണു തിരിച്ചുപോയതും.
മൂന്നു പേരുടെ കൈയിൽ തോക്കുണ്ടായിരുന്നു. മാവോയിസ്റ്റുകാരാണെന്നു പരിചയപ്പെടുത്തി, കോട്ടയത്തുനിന്നെത്തിയ അന്ന എന്ന സ്വകാര്യബസിലും അമ്പായത്തോടുനിന്നു പുറപ്പെടുന്ന ഡെൽന ബസിലെയും ജീവനക്കാർക്കാണ് ഇവർ ലഘുലേഖകൾ നൽകിയത്. ജനുവരി 31നു നടത്തുന്ന ഭാരത് ബന്ദ് വിജയിപ്പിക്കുക. അട്ടപ്പാടിയിൽ ചിന്തിയ രക്തത്തിനു പകരം വീട്ടുക, ഓപ്പറേഷൻ സമാധാൻ ജനങ്ങൾക്കെതിരായ യുദ്ധം പരാജയപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്ററിലും ലഘുലേഖയിലും ഉണ്ടായിരുന്നത്.