അതിരന്പുഴയിൽ പ്രധാന തിരുനാൾ ഇന്ന്
Saturday, January 25, 2020 12:25 AM IST
അതിരന്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ പ്രധാന തിരുനാൾ ഇന്ന് ആഘോഷിക്കും.
വൈകുന്നേരം 5.30ന് വലിയപള്ളിയിൽനിന്നു തുടങ്ങുന്ന പ്രദക്ഷിണം ചെറിയപള്ളിയും വലിയ പള്ളിയും ചുറ്റി 7.30ന് വലിയപള്ളിയിൽ സമാപിക്കും. 22 വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ സംവഹിക്കപ്പെടുന്ന തിരുനാൾ പ്രദക്ഷിണമാണിത്. കൊടികൾ, നൂറുകണക്കിനു മുത്തുക്കുടകൾ, ആലവട്ടം, വെഞ്ചാമരം, ചുരുട്ടി, തഴക്കുട തുടങ്ങിയ അകന്പടിക്കൂട്ടങ്ങൾ പ്രദക്ഷിണത്തിനു ഭക്തിക്കു പുറമേ വർണ ശോഭയും പകരുന്നു.
പ്രദക്ഷിണത്തിന്റെ ഏറ്റവും പിന്നിലായി സംവഹിക്കപ്പെടുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപത്തെ ആയിരക്കണക്കിനു ഭക്തജനങ്ങൾ അനുധാവനം ചെയ്യും. വെറ്റിലയെറിഞ്ഞും പുഷ്പവൃഷ്ടി നടത്തിയും വിശ്വാസികൾ വിശുദ്ധനോടുള്ള വണക്കവും ആദരവുമറിയിക്കും.