അഭയ കേസ്: ഡോ. രമയെ വീണ്ടും വിസ്തരിക്കും
Tuesday, February 18, 2020 1:09 AM IST
തിരുവനന്തപുരം: അഭയ കേസിൽ സിസ്റ്റർ സെഫിയുടെ കന്യകാത്വ പരിശോധന നടത്തിയ പോലീസ് സർജൻ ഡോ. രമയെ വീണ്ടും വിസ്തരിക്കാൻ ഉത്തരവ്. തിരുവനന്തപുരം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ദീപ മോഹനാണ് പോലീസ് സർജൻ ഡോ. രമയെ വീട്ടിൽ പോയി വീണ്ടും വിസ്തരിക്കുന്നത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ജഡ്ജി സനൽകുമാറിന്റേതാണ് ഉത്തരവ്.
ചലനശേഷി നഷ്ടമായി കിടപ്പിലായതു കാരണം ഡോക്ടറെ കമ്മീഷൻ മുഖേന വിസ്തരിക്കണം എന്നു കാട്ടി സിബിഐ നേരത്തെ ഹർജി നൽകിയിരുന്നു. സിബിഐ പ്രത്യേക കോടതിയുടെ നിർദേശ പ്രകാരം രമയുടെ കാലടിയിലുള്ള വീട്ടിൽ വച്ചാണ് മൊഴി രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ചില മെഡിക്കൽ രേഖകൾ ഒത്തുനോക്കി രേഖപ്പെടുത്തിയില്ല എന്നു ശ്രദ്ധയിൽപ്പെട്ടതിനേ തുടർന്നാണ് വീണ്ടും വിസ്തരിക്കാൻ കോടതി ഉത്തരവിട്ടത്. ഇതിനിടെ കേസിലെ സാക്ഷികളായ ത്രേസ്യാമ്മ, സിസ്റ്റർ സുദീപ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയ സിബിഐ ഡിവൈഎസ്പിയായ ഇ.പി. സുരേഷ് കുമാറിനെ വിസ്തരിച്ചു. കേസിന്റെ തുടർ വിസ്താരം അടുത്ത മാസം രണ്ടിനു കോടതി വീണ്ടും പരിഗണിക്കും.