തോക്കുകൾ നഷ്ടപ്പെട്ടിട്ടില്ല: ക്രൈംബ്രാഞ്ച് എഡിജിപി
Tuesday, February 18, 2020 1:31 AM IST
തിരുവനന്തപുരം: സിഎജി റിപ്പോർട്ടിൽ പറയുന്നതു പോലെ, കേരള പോലീസിലെ വിവിധ ബറ്റാലിയനുകൾക്കു നൽകിയിരിക്കുന്ന തോക്കുകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നു ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ. തച്ചങ്കരി. കാണാതായെന്ന് ആരോപണമുയർന്ന ഇൻസാസ് ഗണത്തിൽപ്പെട്ട തോക്കുകൾ താൻ നേരിട്ടു പരിശോധന നടത്തിയെന്നും അന്വേഷണത്തിന്റെ ഭാഗമായി സിഎജി ഉദ്യോഗസ്ഥരിൽനിന്നു മൊഴിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ പോലീസ് സേനയുടെ പക്കൽ ഇൻസാസ് ഗണത്തിൽ പെടുന്ന 660 തോക്കുകൾ ഉണ്ടെന്നാണു കണക്ക്. ഇതിൽ 13 തോക്കുകൾ ഇന്ത്യ റിസർവ് ബറ്റാലിയന്റെ പരിശീലനത്തിനായി നൽകിയിരിക്കുകയാണ്. മണിപ്പൂരിൽ നടക്കുന്ന പരിശീലനം അടുത്ത മാസം പൂർത്തിയാകുന്ന മുറയ്ക്ക് ഈ തോക്കുകൾ തിരികെയെത്തിക്കും. ബാക്കിയുള്ള 647 തോക്കുകൾ ഇന്നലെ പരിശോധനയ്ക്കായി എസ്എപി ക്യാമ്പിൽ എത്തിച്ചിരുന്നു. രാവിലെ 11 ഓടെയാണ് എഡിജിപി ടോമിൻ ജെ. തച്ചങ്കരി ബറ്റാലിയൻ എഡിജിപി എം.ആർ അജിത് കുമാർ, ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് എന്നിവർക്കൊപ്പം ക്യാമ്പിലെത്തി തോക്കുകളുടെ കണക്കെടുപ്പു നടത്തിയത്. കോണ്‍ഫറൻസ് ഹാളിൽ 647 തോക്കുകൾ നിരത്തി വച്ച് മാധ്യമങ്ങളുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.