മെറ്റാ നാടക അവാർഡിനു രണ്ടു മലയാളം നാടകങ്ങൾ
Wednesday, February 19, 2020 12:02 AM IST
തൃശൂർ: പതിനഞ്ചാമതു മഹീന്ദ്ര എക്സലൻസ് ഇൻ തിയറ്റർ അവാർഡ്സ് (മെറ്റ) നാടകോത്സവത്തിനു രണ്ടു മലയാള നാടകങ്ങൾക്കു നോമിനേഷൻ. ഒരാഴ്ച നീണ്ടുനിൽക്കുന്ന നാടകമേള മാർച്ച് 13 നു ഡൽഹിയിലെ കമാനി ഓഡിറ്റോറിയത്തിലും ശ്രീരാം സെന്ററിലുമായി ആരംഭിക്കും.
പ്രമുഖ എഴുത്തുകാരനായ സക്കറിയയുടെ ഭാസ്കര പട്ടേലരും എന്റെ ജീവിതവും എന്ന നോവലിനെ ആസ്പദമാക്കി പ്രമുഖ സിനിമാ നാടക സംവിധായകനായ സുവീരൻ സംവിധാനം ചെയ്ത ഭാസ്കര പട്ടേലരും തൊമ്മിയുടെ ജീവിതവും എന്ന നാടകമാണ് കേരളത്തിൽനിന്നു തെരഞ്ഞെടുക്കപ്പെട്ടവയിലൊന്ന്. മികച്ച നാടകം, നിർമാണം, നല്ല നടൻ എന്നീ വിഭാഗങ്ങളിലേക്കാണ് ഈ നാടകം നാമനിർദേശംചെയ്യപ്പെട്ടിരിക്കുന്നത്. മേസ് ആണ് രണ്ടാമത്തേത്. നാലു വിഭാഗങ്ങളിലേക്കു നാമനിർദേശം ചെയ്യപ്പെട്ട ഈ ഭാഷാരഹിത നാടകത്തിന്റെ സംവിധായകൻ സുനിൽകുമാറും നിർമാണം ദി മൈമേഴ്സും ആണ്. ഒരു വയോധികന്റെയും വേലക്കാരന്റെയും കഥയാണ് നാടകത്തിന്റെ പ്രമേയം.
മാർച്ച് 13 മുതൽ 18 വരെ ജൂറി അംഗങ്ങൾക്കും തെരഞ്ഞെടുത്ത സദസിനും മുമ്പിലാണ് നാടകം അവതരിപ്പിക്കുക. വിജയികളെ മാർച്ച് 19 നു പ്രഖ്യാപിക്കും.
മഹീന്ദ്ര ഗ്രൂപ്പും കലാ സാംസ്കാരിക മേഖലയിലെ പ്രധാന കമ്പനിയായ ടീംവർക്ക് ആർട്സും ചേർന്നാണ് മെറ്റാ സംഘടിപ്പിക്കുന്നത്. ഈ വർഷം ജൂറി പാനലിനു മുന്നിൽ 385 നാടകങ്ങളാണ് നാമനിർദേശമായി എത്തിയത്.