സിപിഎം കാണിച്ചത് ഗുണ്ടായിസം: മേയർ
Thursday, February 20, 2020 12:54 AM IST
കണ്ണൂര്‍: കോര്പറേഷൻ ഓഫീസിൽ സിപിഎം കാണിച്ചത് ഗുണ്ടായിസമാണെന്ന് മേയർ സുമ ബാലകൃഷ്ണൻ പറഞ്ഞു. ജീവനക്കാരുടെ സമരവുമായി ബന്ധപ്പെട്ടാണ് സിപിഎം നേതാവ് എന്‍. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ ചേംബറിലെത്തിയത്. അവരുടെ ആവശ്യങ്ങള്‍ സംബന്ധിച്ചു തീരുമാനം അറിയിക്കാമെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരോടു പറഞ്ഞെങ്കിലും അവര്‍ അത് അംഗീകരിക്കാന്‍ തയാറായില്ല. ഇപ്പോള്‍ തന്നെ തീരുമാനമെടുക്കണമെന്നായിരുന്നു അവരുടെ ഭീഷണി.
കൗണ്‍സില്‍ യോഗം ആരംഭിക്കാന്‍ സമയമായതിനെ തുടര്‍ന്ന് ചേംബറില്‍നിന്നു പുറത്തേക്കു പോകാന്‍ ശ്രമിച്ചപ്പോള്‍ തടയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നുവെന്നും മേയര്‍ പറഞ്ഞു. അധികാരം നഷ്ടപ്പെട്ടതോടെ പ്രതിപക്ഷത്തിനു സമനില തെറ്റിയിരിക്കുകയാണെന്നും മേയർ ചൂണ്ടിക്കാട്ടി.