കോതമംഗലം പള്ളിക്കേസ്: ജില്ലാ കളക്ടറെ ഹൈക്കോടതി വിളിച്ചുവരുത്തി ശാസിച്ചു
Wednesday, February 26, 2020 12:30 AM IST
കൊച്ചി: കോതമംഗലം മാർത്തോമ്മാ ചെറിയ പള്ളിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍ എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസിനെ ഹൈക്കോടതി വിളിച്ചുവരുത്തി ശാസിച്ചു. പള്ളിയും സ്വത്തുവകകളും ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവ് കളക്ടര്‍ പാലിച്ചില്ലെന്നാരോപിച്ചു പള്ളി വികാരി തോമസ് പോള്‍ റമ്പാന് നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ശാസന.
കോടതിവിധിയെ കളക്ടര്‍ ഗൗരവമായി കാണുന്നില്ലെന്നു ഹൈക്കോടതി കുറ്റപ്പെടുത്തി. വിധി നടപ്പാക്കാന്‍ കളക്ടര്‍ ബാധ്യസ്ഥനാണ്. ആത്മഹത്യാശ്രമത്തിന്റെ പേരു പറഞ്ഞു വിധി നടപ്പാക്കാതിരിക്കുന്നത് ഹൈക്കോടതിയെ അപമാനിക്കുന്നതിനു തുല്യമാണ്. രണ്ടുമാസം കഴിഞ്ഞിട്ടും ഉത്തരവു നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ചിലരുടെ കായികശക്തിക്ക് അധികൃതര്‍ വഴങ്ങുകയാണ്. കോടതി വിധി നടപ്പാക്കാത്തത് സംസ്ഥാന പോലീസിന് നാണക്കേടാണ്. ക്രമസമാധാനപാലനം പരാജയപ്പെടുന്ന കാഴ്ചയാണിത്.
വിധി നടപ്പാക്കാതിരിക്കുന്നത് കോടതിയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടാന്‍ ഇടയാക്കും. സര്‍ക്കാര്‍, പോലീസ് സംവിധാനങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ കോടതിക്കു വേണമെങ്കില്‍ കേന്ദ്ര സേനയെ വിന്യസിക്കാന്‍ കഴിയും. കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി കളക്ടറെ ശിക്ഷിച്ച് ജയിലില്‍ അടയ്ക്കാന്‍ കഴിയുമെന്നും സിംഗിള്‍ ബെഞ്ച് ഓര്‍മപ്പെടുത്തി.
നേരത്തെ ഹര്‍ജി പരിഗണിച്ച സിംഗിള്‍ബെഞ്ച് കളക്ടര്‍ ഹാജരായി വിശദീകരണം നല്കാന് പറഞ്ഞിരുന്നങ്കിലും ഇന്നലെ രാവിലെ ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോള്‍ കളക്ടര്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് കളക്ടര്‍ അഞ്ചു മിനിട്ടിനകം ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. 15 മിനിറ്റിനകം ഹാജരായ കളക്ടറെ രൂക്ഷമായഭാഷയില്‍ വിമര്‍ശിച്ചശേഷം ഹര്‍ജി വിധി പറയാന്‍ മാറ്റി.
പള്ളി ഏറ്റെടുക്കാന്‍ തടസമെന്താണെന്ന സിംഗിള്‍ബെഞ്ചിന്റെ ചോദ്യത്തിന് ഉത്തരവു നടപ്പാക്കാന്‍ തന്റെ ഭാഗത്തുനിന്ന് ആത്മാര്‍ഥമായ ശ്രമമുണ്ടായെങ്കിലും ഒരു വിഭാഗത്തിന്റെ പ്രതിഷേധവും ആത്മഹത്യാഭീഷണിയുമാണ് വിലങ്ങു തടിയായതെന്നും കളക്ടര്‍ വിശദീകരിച്ചു. വിധി നടപ്പാക്കാന്‍ രണ്ടു മാസം കൂടി സമയം അനുവദിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. പള്ളി ഏറ്റെടുക്കാനുള്ള വിധിക്ക് സ്റ്റേ നിലവിലില്ലെന്നിരിക്കേ ഇത്രയും സമയം അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി പറഞ്ഞു.
ഭീഷണിക്കത്ത് ലഭിച്ചെന്നു ഹൈക്കോടതി ജഡ്ജി
കൊച്ചി: കോതമംഗലം പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാന്‍ ഉത്തരവിട്ട തന്നെ ജീവനോടെ കത്തിക്കുമെന്നു ഭീഷണിക്കത്ത് ലഭിച്ചതായി ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് പി.ബി. സുരേഷ് കുമാര്‍. എന്നെ ജീവനോടെ കത്തിച്ചാലും വേണ്ടില്ല, കോടതി വിധികള്‍ നടപ്പാക്കണം. ഇതു നടപ്പാക്കാന്‍ സര്‍ക്കാരിനും പോലീസിനും കഴിയുന്നില്ലെങ്കില്‍ കോടതിക്ക് മറ്റു മാര്‍ഗങ്ങള്‍ നോക്കേണ്ടിവരുമെന്നും സിംഗിള്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു.
കോതമംഗലം പള്ളിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഹാജരായ കളക്ടറെ രൂക്ഷമായി ശാസിക്കുന്നതിനിടെയാണ് ഭീഷണിക്കത്ത് ലഭിച്ച വിവരം ജഡ്ജി വ്യക്തമാക്കിയത്. ജീവനോടെ കത്തിക്കുമെന്ന ഭീഷണിക്കത്ത് ഹൈക്കോടതി രജിസ്ട്രി മുഖേന എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറിയെന്നും ജസ്റ്റീസ് പി.ബി. സുരേഷ് കുമാര്‍ കോടതിയില്‍ വ്യക്തമാക്കി.