സംസ്ഥാനത്ത് 15,541 ക്യാമ്പുകളിലായി 3,02,016 അതിഥി തൊഴിലാളികള്‍
Monday, April 6, 2020 12:40 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് 15,541 ക്യാമ്പുകളിലായി 3,02,016 അതിഥിത്തൊഴിലാളികള്‍ താമസിക്കുന്നുണ്ടെന്ന് ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് വ്യക്തമാക്കി.
ലേബര്‍ ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍മാരായ അതത് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരും ജില്ലാ ലേബര്‍ ഓഫീസര്‍മാരും ഇന്നലെ വൈകുന്നേരം വരെ 820 ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. തൊഴിലാളികള്‍ക്ക് ആവശ്യമായ കുടിവെള്ളം, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യം മുതലായവ ഉറപ്പു വരുത്തിയിട്ടുണ്ട്. കൂടാതെ ജില്ലാ ഭരണസംവിധാനങ്ങള്‍ മുഖേന ഏര്‍പ്പെടുത്തിയ കമ്യൂണിറ്റി കിച്ചണ്‍ വക ഭക്ഷണവും വിതരണം ചെയ്തിട്ടുണ്ട്.
സംസ്ഥാനമൊട്ടാകെ തൊഴില്‍ വകുപ്പിലെ ഉദ്യോസ്ഥര്‍ക്ക് ഇതരസംസ്ഥാന തൊഴിലാളികളില്‍നിന്നു ലഭിച്ച 2509 പരാതികളിലും പരിഹാരം കണ്ടെത്തിയിട്ടുണ്ട്. ലഭിച്ച പരാതികളില്‍ കൂടുതലും ഭക്ഷണദൗര്‍ലഭ്യം സംബന്ധിച്ചവ ആയിരുന്നു. ഇത് ബന്ധപ്പെട്ട ലേബര്‍ ഓഫീസര്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിവരുന്ന കമ്യൂണിറ്റി കിച്ചണ്‍ മുഖേനയുള്ള ഭക്ഷണപ്പൊതി വിതരണം ചെയ്തും സ്വയം പാചകം ചെയ്യുന്നതിനുള്ള അവശ്യ ഭക്ഷ്യവസ്തുക്കള്‍ നല്കി പരിഹരിച്ചിട്ടുണ്ട്. സ്വന്തം നാട്ടിലേക്ക് തിരികെ മടങ്ങണമെന്ന ആവശ്യം പലരും ഉന്നയിച്ചെങ്കിലും ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ക്യാമ്പുകളില്‍ തന്നെ തുടരാന്‍ നിര്‍ദേശിക്കുകയും ചെയ്തു.