എല്ലാ ക്ഷേമനിധി ബോർഡ് അംഗങ്ങൾക്കും 1000 രൂപ വീതം
Thursday, April 9, 2020 12:44 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ക്ഷേമനിധി ബോർഡ് അംഗങ്ങളായ തൊഴിലാളികൾക്കും 1000 രൂപ വീതം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വയം പര്യാപ്തമായ ക്ഷേമനിധി ബോർഡുകൾ സ്വന്തം ഫണ്ടിൽ നിന്നാണ് കോവിഡ് ആശ്വാസ ധനം നൽകിയത്. പൊതുവേ നഷ്ടത്തിലുള്ള ബോർഡുകൾക്ക് ആശ്വാസ ധനം നൽകാനുള്ള തുക സർക്കാർ നൽകും. എല്ലാ ബോർഡുകൾക്കും ആവശ്യമായ ആശ്വാസ ധനം നൽകാൻ 500 കോടി രൂപ അനുവദിച്ചു.
മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 2000 രൂപ വീതം നൽകാൻ തീരുമാനിച്ചു. അനുബന്ധ മത്സ്യത്തൊഴിലാളികൾ, കശുവണ്ടി അടക്കമുള്ള പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്ക് 1000 രൂപ വീതവും നൽകും. ഈ തുക എത്രയും വേഗം ഇവരുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയതായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.