മുറിച്ചുണ്ട് ശസ്ത്രക്രിയാവിദഗ്ധൻ ഡോ. ഏഡൻവാല അന്തരിച്ചു
Thursday, May 28, 2020 12:49 AM IST
തൃശൂർ: ഇരുപത്തയ്യായിരം കുട്ടികൾക്കു മുറിച്ചുണ്ട് ശസ്ത്രക്രിയ നടത്തി പുഞ്ചിരി തിരിച്ചുനല്കിയ പ്രശസ്ത സർജൻ ഡോ. ഏഡൻവാല (92) അന്തരിച്ചു. ജൂബിലി മിഷൻ ആശുപത്രിയിലെ മുൻ സർജനാണ്. സംസ്കാരം കോയമ്പത്തൂരിൽ നടത്തി.
മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിൽ ജനിച്ച അദ്ദേഹത്തിന്റെ മുഴുവൻ പേര് ഹിർജി സൊരാബ് ഏഡൻവാല എന്നാണ്. 1959 ഓഗസ്റ്റിൽ ജൂബിലി മിഷൻ ആശുപത്രി ആരംഭിച്ചതു മുതൽ ഡോ. ഏഡൻവാല ഇവിടെ സർജനായിരുന്നു. തൃശൂർക്കാരനായി മാറിയ അദ്ദേഹം രണ്ടുവർഷം മുമ്പുവരെ ശസ്ത്രക്രിയ നടത്തിയിരുന്നു. നിർധന കുടുംബങ്ങളിലെ കുട്ടികൾക്കു ശസ്ത്രക്രിയ സൗജന്യമാക്കാൻ ആഗോളതലത്തിൽ സംവിധാനം ഒരുക്കാനും അദ്ദേഹം നേതൃത്വം നൽകി. ന്യൂയോർക്കിലെ സ്മൈൽ ട്രെയിൻ പ്രസ്ഥാനവുമായി സഹകരിച്ച് 1999 മുതൽ എണ്ണായിരത്തിഅഞ്ഞൂറോളം സൗജന്യ ശസ്ത്രക്രിയകൾ നടത്താനും അദ്ദേഹത്തിനു സാധിച്ചു. 2013ൽ ജൂബിലിയിലെ ഒൗദ്യോഗിക ജീവിതത്തിൽനിന്നു മാറിയെങ്കിലും മാസം 15 ദിവസത്തോളം അദ്ദേഹം ഭാഗികമായി സേവനം തുടർന്നിരുന്നു. ഭാര്യ: ഗുൽനാർ. മക്കൾ: ഹോമൈ കുമാരവേലു, ഫിർദൗസ്, മെഹർ തോമസ്.