സാമൂഹ്യവ്യാപനം ഉണ്ടായിട്ടില്ലെന്നു മുഖ്യമന്ത്രി
Saturday, May 30, 2020 12:45 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 ന്റെ സാമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രോഗവ്യാപനം അധികമായി വരുന്ന സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗണ്‍ ഉൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നതുകൊണ്ടു വല്ലാതെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവുവരുന്പോൾ ഇതുണ്ടാകുമെന്ന് പ്രതീക്ഷിച്ചതാണെന്നും അദ്ദേഹം അറിയിച്ചു.
സന്പർക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണം ഏറ്റവും കൂടുതലുള്ളത് കണ്ണൂർ ജില്ലയിലാണ്. സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണ് കണ്ണൂർ ജില്ലയിലെ രോഗബാധ. സന്പർക്കത്തിലൂടെയുള്ള രോഗബാധ നിരക്ക് സംസ്ഥാനത്തു പത്ത് ശതമാനമാണെങ്കിൽ കണ്ണൂരിൽ അത് 20 ശതമാനമാണ്. അവിടെ ഇപ്പോഴുള്ള 93 ആക്ടീവ് കേസുകളിൽ 19 എണ്ണം സന്പർക്കത്തിലൂടെ വന്നതാണ്. അതിനാൽ ജില്ലയിൽ കൂടുതൽ കർക്കശ നിലപാടുകളിലേക്ക് പോകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.