പ്രഫ. എം.കെ. സാനു ചാവറ പഠനപീഠത്തിന്റെ അധ്യക്ഷൻ
Wednesday, July 1, 2020 11:35 PM IST
കോട്ടയം: എംജി യൂണിവേഴ്സിറ്റിയിലെ കുര്യാക്കോസ് ഏലിയാസ് ചാവറ പഠനപീഠത്തിന്റെ അധ്യക്ഷനായി സാഹിത്യകാരനും അധ്യാപകനും വാഗ്മിയും എഴുത്തുകാരനുമായ പ്രഫ. എം.കെ. സാനുവിനെ നാമനിർദ്ദേശം ചെയ്തു.
വിമർശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കർത്താവാണ് പ്രഫ. എം.കെ. സാനു. എഴുത്തച്ഛൻ പുരസ്കാരം, വയലാർ അവാർഡ്, കേരള - കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരമടക്കം നേടിയിട്ടുണ്ട്. പ്രഫ. എം.കെ. സാനുവിന്റെ സാന്നിധ്യം അക്കാദമികരംഗത്ത് സർവകലാശാലയുടെ കുതിപ്പിന് സഹായമേകുമെന്ന് വൈസ് ചാൻസലർ പ്രഫ. സാബു തോമസ് പറഞ്ഞു.
കുര്യാക്കോസ് ഏലിയാസ് ചാവറ 1844-46 കാലയളവിൽ പ്രിന്റിംഗ് പ്രസും പ്രസിദ്ധീകരണശാലയും സംസ്കൃത വിദ്യാലയവും സ്ഥാപിക്കുകയും പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന ആശയം നടപ്പിലാക്കുകയും ചെയ്തു. ഖണ്ഡകാവ്യമായ ‘അനസ്ത്യാസ്യയുടെ രക്തസാക്ഷ്യം’, ഭാഷനാടകമായ ‘ഇടയനാടകം’ എന്നിങ്ങനെ സാഹിത്യസംഭാവനകളും അദ്ദേഹത്തിന്റേതായുണ്ട്. പഠനപീഠത്തിന്റെ കോ-ഓർഡിനേറ്ററായി സ്കൂൾ ഓഫ് ലെറ്റേഴ്സിലെ അധ്യാപകനായ ഡോ. എസ്. ഹരികുമാറിനെ നിയോഗിച്ചു.