ദുരിതാശ്വാസ നിധി: ദേവസ്വം കമ്മീഷണറുടെ സര്‍ക്കുലറിനു സ്റ്റേ
Friday, July 3, 2020 1:26 AM IST
കൊച്ചി: മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളുടെ അഡ്മിനിസ്ട്രേറ്റര്‍മാര്‍ ഒരു ലക്ഷം രൂപ വീതമെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കണമെന്നു വ്യക്തമാക്കി മലബാര്‍ ദേവസ്വം കമ്മീഷണര്‍ നല്കിയ സര്‍ക്കുലര്‍ ഹൈക്കോടതി രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തു.
സര്‍ക്കുലറിനെതിരേ എറണാകുളം നോര്‍ത്തിലെ ഹിന്ദു സേവാ കേന്ദ്രം നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ദുരിതാശ്വാസ നിധിയിലേക്ക് പണം നല്കാന് പറയുന്നത് നിയമപരമല്ലെന്നും ദേവസ്വം കമ്മീഷണറുടെ സര്‍ക്കുലര്‍ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.