ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കലിനു ഹൈക്കോടതി സ്റ്റേ
Saturday, July 4, 2020 2:11 AM IST
കൊച്ചി: ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനു വേണ്ടി കാഞ്ഞിരപ്പള്ളിയിലെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് ഹൈക്കോടതി ജൂലൈ 21 വരെ സ്റ്റേ ചെയ്തു. ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്നു നേരത്തെ അറിയപ്പെട്ടിരുന്ന അയന ചാരിറ്റബിള്‍ ട്രസ്റ്റ് നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് വര്‍ഷങ്ങളായി തര്‍ക്കമുള്ളതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥയനുസരിച്ച് കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാൻ സര്‍ക്കാര്‍ നിശ്ചയിച്ചതിനെതിരെയാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ നടപടി ദുരുദ്ദേശ്യപരവും നിയമവിരുദ്ധവുമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. നഷ്ടപരിഹാരം കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനം ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിന് ഇല്ലാത്തതിനാലാണെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.
സര്‍ക്കാര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നതെന്ന് ഉറപ്പുണ്ടെങ്കില്‍ പിന്നെ നഷ്ടപരിഹാരം കെട്ടിവയ്ക്കുന്നത് എന്തിനാണെന്ന് ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ സിംഗിള്‍ ബെഞ്ച് വാക്കാല്‍ ചോദിച്ചു. ഭൂമി സര്‍ക്കാരിന്റേതാണെങ്കിലും അതില്‍ കൃഷി നടത്തിയിട്ടുണ്ടെന്നും ഇതിനു നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ മറുപടി നല്കി.
ഭൂമിയുടെ ഉടമസ്ഥതയില്‍ ഹര്‍ജിക്കാര്‍ക്ക് അവകാശമില്ല. എന്നാല്‍ ഭൂമിയില്‍ നിലവിലുള്ള നിര്‍മാണങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണം. ഇവയൊക്കെ കണക്കിലെടുത്താണ് തുക കോടതിയില്‍ കെട്ടിവയ്ക്കാന്‍ നിശ്ചയിച്ചതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. തുടര്‍ന്നാണ് ഭൂമി ഏറ്റെടുക്കുന്ന ഉത്തരവിലെ തുടര്‍നടപടികള്‍ ജൂലൈ 21 വരെ സ്റ്റേ ചെയ്തത്. ജൂലൈ 21 ന് ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കും.