എല്ലാവർക്കും എല്ലാമാകാൻ ‘ഫാദർ സിജെ’
Saturday, July 4, 2020 2:13 AM IST
എറണാകുളം അങ്കമാലി അതിരൂപതയിലെ കറുകുറ്റി ചിറയ്ക്കൽ അയിരൂക്കാരൻ ഒൗസേപ്പ് അന്നം ദന്പതികളുടെ മകൻ ഫാ. ജോസ് ചിറയ്ക്കൽ അയിരൂക്കാരൻ, അങ്ങു ദൂരെ മേഘാലയയിലെ ടൂറ രൂപതക്കാർക്കു ‘ഫാദർ സിജെ’യാണ്. നാലു ദശാബ്ദത്തിലേറെ തങ്ങൾക്കൊപ്പമായിരുന്ന ഇഷ്ടവൈദികനെ അന്നാട്ടുകാർ സ്നേഹത്തോടെ വിളിച്ചുതുടങ്ങിയ പേര്.
അവരുടെ ശൈലിയിൽ പേരിന്റെ നീളം കുറച്ച് ജോസ് ചിറയ്ക്കൽ ‘സിജെ’യായി. 44 വർഷം നീണ്ട മേഘാലയ ജീവിതത്തിനൊടുവിൽ ഫാദർ സിജെ വിശ്വാസികൾക്കു പിതാവാകുകയാണ്. ടൂറ ലത്തീൻ രൂപതയുടെ സഹായമെത്രാനായി ഇന്ന് അഭിഷിക്തനാകുന്ന ഫാദർ ‘സിജെ’ സംസാരിക്കുന്നു:
ദൈവവിളിയുടെ വഴിയെ
മാതാപിതാക്കളായിരുന്നു ആദ്യപ്രചോദനം. എന്നും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന, കുടുംബപ്രാർഥന മുടക്കാത്ത, വൈദികരെ ഏറെ ബഹുമാനിക്കുന്ന അപ്പന്റേയും അമ്മയുടേയും ശൈലിയാണ് വിശ്വാസജീവിതത്തിൽ അടിയുറച്ചു മുന്നേറാനുള്ള പ്രേരണ. അവർക്കൊപ്പം എന്നും പള്ളിയിൽ പോകുമായിരുന്നു. സൊഡാലിറ്റി പോലുള്ള പ്രസ്ഥാനങ്ങളിലും സജീവം.
ചിറയ്ക്കൽ അയിരൂക്കാരൻ കുടുംബത്തിൽനിന്നുള്ള വൈദികരുടെ സ്വാധീനം, പ്രത്യേകിച്ച്, ഫാ. ലൂയീസ് ചിറയ്ക്കലും (എംഎസ്എഫ്എസ്), ഫാ. സേവ്യർ ചിറയ്ക്കലും (എസ്എസി) വൈദികനാകാനുള്ള ആഗ്രഹം ഉറപ്പിച്ചു. അപ്പനെ പരിചയമുള്ള പല മാതൃകാവൈദികരും വീട്ടിൽ പതിവായി വരുമായിരുന്നു. അവരുടെ സ്വാധീനവും ഉണ്ടെന്നു പറയാം.
ടൂറ രൂപതയിലേക്ക്
പത്താംക്ലാസ് കഴിഞ്ഞപ്പോൾ തൃക്കാക്കരയിൽ നടന്ന ദൈവവിളി ക്യാന്പിൽ പങ്കെടുത്തിരുന്നു. പക്ഷേ, ഇവിടെ സെമിനാരിയിൽ അപേക്ഷ നല്കാൻ വൈകി. അതാണ് നിമിത്തമായത്. ആ വർഷം എറണാകുളം കാരിക്കാമുറിയിലെ സിഎംഐ വൈദികരുടെ കെസിഎം പ്രസിൽ കന്പോസിംഗ് പഠിക്കാൻ പോയി. അവിടെ ഫാ. ആബേൽ, ഫാ. പോൾ അക്കര, ഫാ. തിയോപോൾഡ് തുടങ്ങിയ പ്രഗത്ഭ വൈദികർക്കൊപ്പം കുർബാനയ്ക്കു കൂടാനൊക്കെ അവസരം ലഭിച്ചു. അങ്ങനെയിരിക്കേ പുതിയ രൂപതയായ ടൂറയിലേക്ക് വൈദികവിദ്യാർഥികളെ ക്ഷണിച്ചുകൊണ്ട് ‘സത്യദീപം’ വാരികയിൽ പരസ്യം വന്നു. അങ്ങനെ അപേക്ഷ നല്‍കുകയായിരുന്നു. ദൈവപരിപാലനയുടെ വഴികൾ വ്യത്യസ്തമാണല്ലോ.
1976ൽ അന്നത്തെ ടൂറ രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ഡോ. ഒറെസ്റ്റസ് മരെംഗോ എസ്ഡിബി എറണാകുളത്തെത്തി താനടക്കം ഏതാനും പേരെ സെമിനാരിയിലേക്കു തെരഞ്ഞെടുക്കുകയായിരുന്നു.
പഠനം, തിരുപ്പട്ടം
കറുകുറ്റി സെന്റ് ജോസഫ്സ് എൽപി സ്കൂൾ, സെന്റ് തോമസ് യുപി സ്കൂൾ, എളവൂർ ഗവ. സ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ഷില്ലോംഗിലെ സെന്റ് പോൾസ് മൈനർ സെമിനാരി, ക്രൈസ്റ്റ് കിംഗ് കോളജ്, സെന്റ് പീറ്റേഴ്സ് മൈനർ സെമിനാരി, ഓറിയൻസ് തിയോളജിക്കൽ കോളജ് എന്നിവിടങ്ങളിലായിരുന്നു വൈദികപഠനം. ഇടയ്ക്കു ഡോണ്‍ബോസ്കോ സ്കൂളിലും മറ്റും അധ്യാപകനുമായി. 1987 ഡിസംബർ 29നു കറുകുറ്റി സെന്റ് സേവ്യേഴ്സ് ഇടവകപ്പള്ളിയിൽവച്ച് അന്നത്തെ ടൂറ രൂപത ബിഷപ് ഡോ. ജോർജ് മാമലശേരിയിൽനിന്നു തിരുപ്പട്ടം സ്വീകരിച്ചു.
വികാരി മുതൽ ചാൻസലർവരെ
ഗാരോ ഹിൽസിലെ അഞ്ചു ജില്ലകൾ ഉൾപ്പെടുന്ന ടൂറ രൂപതയിലെ, 160 ഗ്രാമങ്ങളിൽ പരന്നുകിടക്കുന്ന വിശാലമായ സെൽസെല്ല ഇടവകയിലായിരുന്നു ആദ്യനിയമനം. 1991ൽ ദാലു സേക്രഡ് ഹാർട്ട് സ്കൂളിലെ ആക്ടിംഗ് ഹെഡ്മാസ്റ്ററായിരിക്കേ റോമിലേക്ക് ഉന്നതപഠനത്തിന്. 1995ൽ ഉർബാനിയാന യൂണിവേഴ്സിറ്റിയിൽനിന്നു കാനൻ ലോയിൽ ഡോക്ടറേറ്റ്. മടങ്ങിവന്നശേഷം സെന്റ് പീറ്റേഴ്സ് മൈനർ സെമിനാരി റെക്ടർ, രൂപത ജുഡീഷൽ വികാർ, ഓറിയൻസ് തിയോളജിക്കൽ കോളജ് വിസിറ്റിംഗ് പ്രഫസർ, റെക്ടർ, രൂപത ചാൻസലർ, പ്രൊക്കുറേറ്റർ, കത്തീഡ്രൽ വികാരി എന്നിങ്ങനെ വിവിധ പദവികളിൽ പ്രവർത്തിച്ചു. രൂപത പാസ്റ്ററൽ കൗണ്‍സിൽ ഡയറക്ടറും വാൽബക്ഗ്രെ വികാരിയുമായി പ്രവർത്തിക്കുന്നതിനിടെയാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 24 നു സഹായമെത്രാനായി നിയമിതനായത്.
ടൂറ രൂപത, ചരിത്രം
1930 കളിൽ ഇറ്റലിയിൽനിന്നുള്ള സലേഷ്യൻ വൈദികർ മിഷനറി പ്രവർത്തനം തുടങ്ങിവച്ച സ്ഥലമാണിത്. 1956 മുതൽ ദക്ഷിണേന്ത്യൻ മിഷനറിമാർ ഗാരോ ഹിൽസിലെത്തി സേവനം ആരംഭിച്ചു. 1973 ഏപ്രിൽ ഏഴിനു ടൂറ രൂപത സ്ഥാപിതമായി. ഏതാനും വൈദികരും ഇടവകകളുമായി തുടക്കമിട്ട ഇവിടെ ഇന്നു കത്തോലിക്കരുടെ എണ്ണം 3,10,000.
വടക്കുകിഴക്കൻ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കത്തോലിക്കരുള്ള രൂപതയായി ടൂറ വളർന്നു. ദൈവദാസൻ ഡോ. ഒറെസ്റ്റസ് മരെംഗോയായിരുന്നു അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ. തുടർന്ന് 1979 മുതൽ 2007 വരെ ഡോ. ജോർജ് മാമലശേരി രൂപതയെ നയിച്ചു. ഇപ്പോഴത്തെ ബിഷപ് ഡോ. ആൻഡ്രൂ മരാക്കാണ് പിൻഗാമിയായത്.
വിശ്വാസികളിൽ ഗാരോ ആദിവാസികളാണ് ഭൂരിപക്ഷം. ഭാഷയും ‘ഗാരോ’ തന്നെ. റാബാസ്, കോച്ച്, ഹാജോംഗ് ആദിവാസി വിഭാഗങ്ങളുമുണ്ട്. 11 ലക്ഷം വരുന്ന ജനസംഖ്യയിൽ 73 ശതമാനം ക്രിസ്ത്യാനികൾ. അതിൽ 3,10,000 കത്തോലിക്കർ. 44 ഇടവകകളിലായി മറ്റു കോണ്ഗ്രിഗേഷനുകളിലുള്ളവരടക്കം നൂറിലേറെ വൈദികരും 300 ലേറെ സിസ്റ്റർമാരും സേവനം ചെയ്യുന്നു.
എല്ലാവർക്കും എല്ലാമാകാൻ
ദീർഘകാലത്തെ പ്രവർത്തനങ്ങളിലൂടെ ടൂറ രൂപത വിശ്വാസികളുടെ സ്നേഹവും ആദരവും നേടിയെടുത്ത മോണ്‍. ജോസ് ചിറയ്ക്കൽ മെത്രാനാവുന്പോൾ തെരഞ്ഞെടുത്ത ആപ്തവാക്യം എല്ലാവർക്കും എല്ലാമാകാൻ’ (കോറിന്തോസ് 9:22) എന്നതാണ്. വിവിധ മത, ഗോത്ര വിഭാഗങ്ങൾ അധിവസിക്കുന്ന, വ്യത്യസ്ത സാന്പത്തിക സാമൂഹ്യ സാഹചര്യങ്ങളുള്ളവർ ജീവിക്കുന്ന ടൂറ മേഖലയിൽ എല്ലാവർക്കും വേണ്ടി ദൈവവേല ചെയ്യുകയാണ് ലക്ഷ്യമെന്നു മോണ്‍. ചിറയ്ക്കൽ വ്യക്തമാക്കി.
രൂപതാധ്യക്ഷനൊപ്പം നിന്നു രൂപതയെ ആത്മീയമായും ഭൗതികമായും കെട്ടിപ്പടുക്കാനും വളർത്താനും സാധ്യമായതെല്ലാം ചെയ്യും.
ഡേവിസ് പൈനാടത്ത്