സംസ്ഥാനത്ത് കോവിഡ് രോഗികൾ 5000
Sunday, July 5, 2020 1:03 AM IST
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം അയ്യായിരം കടന്നു. ഇന്നലെ 240 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ഇതുവരെ രോഗം ബാധിച്ചവർ 5204 ആയി.
സംസ്ഥാനത്ത് സമൂഹവ്യാപനത്തേക്കുറിച്ചുള്ള ആശങ്കകൾ ശക്തിപ്പെടുന്നതിനിടെയാണു രോഗികളുടെ എണ്ണം അയ്യായിരം കടക്കുന്നത്. തുടർച്ചയായി പതിനഞ്ചു ദിവസം നൂറിനു മുകളിൽ രോഗികൾ ഉണ്ടായതിനു പിന്നാലെ വെള്ളിയാഴ്ച രോഗികളുടെ എണ്ണം ഇരുനൂറിനു മുകളിലെത്തി.
ലോക്ക് ഡൗണിനുശേഷം വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും മലയാളികൾ കൂട്ടത്തോടെ നാട്ടിലേക്കു മടങ്ങിയെത്തി തുടങ്ങിയതോടെയാണ് രോഗികളുടെ എണ്ണത്തിൽ കുതിപ്പുണ്ടായത്. മേയ് ഒന്പതിനു പുറത്തു നിന്നെത്തിയവരിൽ രോഗം സ്ഥിരീകരിക്കുന്നതു വരെ കേരളത്തിൽ കോവിഡ് ബാധിച്ചത് 503 പേർക്കു മാത്രമായിരുന്നു. അതിനു ശേഷം രണ്ടു മാസത്തോളമാകുന്പോൾ 4701 പേർക്കുകൂടി രോഗം ബാധിച്ചു. ഇവരിൽ 365 പേർക്കു സന്പർക്കത്തിലൂടെ രോഗം ബാധിച്ചു എന്നത് ആശങ്ക ഉയർത്തുന്നു.