രാഷ്ട്രീയ സർവേ ഫലങ്ങൾ യുഡിഎഫിനെ തകർക്കാൻ: ജോസഫ് വാഴയ്ക്കൻ
Monday, July 6, 2020 12:25 AM IST
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫിനെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടോയെന്നു സംശയിക്കുന്നതായി കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കന്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമോ എന്നുപോലും വ്യക്തതയില്ലാത്ത സാഹചര്യത്തില്‍ പുറത്തുവരുന്ന സര്‍വേ ഫലങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. ഇത് യുഡിഎഫിനെ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ പിആര്‍ ഏജന്‍സി കേരളത്തില്‍ അവരുടെ പണി തുടരുകയാണ്. കോവിഡ് കാലത്ത് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും അതേസമയം സര്‍ക്കാരിന്റെ അഴിമതിക്കെതിരേ യുഡിഎഫ് പോരാടുകയും ചെയ്യുമെന്നും കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
പി.സി. ജോര്‍ജിനെ യുഡിഎഫിലേക്കു കൊണ്ടുവരിക എന്ന കാര്യം കെപിസിസിയുടെ അജണ്ടയില്‍ പോലും ഇല്ലാത്തതാണ്. വാസ്തവം ഇതാണെന്നിരിക്കെ, തനിക്കെതിരേ മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന വാർത്തകളെല്ലാം കള്ളപ്രചാരണങ്ങളാണ്. ജോസ് വിഭാഗത്തെ യുഡിഎഫില്‍ നിന്ന് മാറ്റിനിര്‍ത്തിയത് നിവൃത്തികേടുകൊണ്ടാണെന്നും വാഴയ്ക്കൻ കൂട്ടിച്ചേർത്തു.