മുഖ്യമന്ത്രിയും സ്പീക്കറും രാജിവയ്ക്കണം: കെ.സുരേന്ദ്രന്
Friday, July 10, 2020 12:41 AM IST
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യആസൂത്രകയായ സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്നു തെളിഞ്ഞ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് സ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സ്ഥാനം തെറിക്കുന്ന അവസ്ഥവരെയുണ്ടായിട്ടും കേസില്‍ എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ അന്വേഷണം പ്രഖ്യാപിക്കാതിരിക്കുന്നതെന്നും സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി മടിക്കുന്നത് എന്തിനാണെന്നും സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ചെപ്പടിവിദ്യയാണ്. ചില സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് ചോദിച്ചിട്ട് സര്‍ക്കാര്‍ കൊടുത്തിട്ടില്ല. പരല്‍ മീനുകള്‍ മാത്രമല്ല വമ്പന്‍ സ്രാവുകളും ഈ കേസില്‍ കുടുങ്ങുമെന്നും സുരേന്ദ്രന് പറഞ്ഞു.