റബർവിലയിൽ നേരിയ ഉണർവ്
Friday, July 10, 2020 11:30 PM IST
കോട്ടയം: റബർ ഷീറ്റ് വില ആർഎസ്എസ് നാലാം ഗ്രേഡ് കിലോയ്ക്ക് ഒരാഴ്ചയ്ക്കുള്ളിൽ അഞ്ചു രൂപയുടെ വർധന. ആഗോളതലത്തിൽ റബർ ഉത്പാദനത്തിൽ കുറവു വന്നതും പ്രമുഖ തുറമുഖങ്ങളിൽ ഇറക്കുമതി നിയന്ത്രണം തുടരുന്നതുമാണു വില ഉയരാൻ കാരണം. ആർഎസ്എസ് അഞ്ച് ഗ്രേഡിഡ് 121 രൂപയാണ് ഇന്നലെ വില.
കോവിഡ് വ്യാപനനിരക്ക് ഉയരുന്ന സാഹചര്യത്തിൽ വിപണി മാന്ദ്യമുണ്ടാകുമോ എന്ന ആശങ്കയിൽ ടയർ കന്പനികൾ നന്നായി ചരക്ക് സ്റ്റോക്ക് ചെയ്യുന്നുണ്ട്.
ഇന്ത്യൻ ടയർ കന്പനികൾക്ക് വിദേശങ്ങളിൽനിന്ന് ടയറിന് ഓർഡർ വർധിച്ചതും വില ഉയരാനിടയാക്കി.
ഇറ്റലി, ചൈന, അമേരിക്ക, യുകെ എന്നി രാജ്യങ്ങൾക്ക് കോവിഡുണ്ടാക്കായ പ്രതിസന്ധി ഇന്ത്യയ്ക്ക് നേട്ടമായി. പ്രധാന ഉത്പാദകരായ കിഴക്കനേഷന്യൻ രാജ്യങ്ങളിലെ മഴയും വെള്ളപ്പൊക്കവും അവിടെയും ഉത്പാദനം കുറയാനിടയാക്കി. ആഭ്യന്തര വിപണിയിൽ വില കഴിഞ്ഞ മാസം 127 രൂപ വരെ ഉയരുകയും ആഴ്ചകൾക്കുള്ളിൽ 118 രൂപയിലേക്ക് താഴുകയും ചെയതതിനാൽ ചരക്ക് സ്റ്റോക്ക് ചെയ്യാൻ വ്യാപാരികളും ആശങ്കപ്പെടുന്നു.