10,000 കോടി യൂണിറ്റ്: ചരിത്രനേട്ടത്തിൽ മൂലമറ്റം നിലയം
Thursday, July 16, 2020 12:48 AM IST
തൊടുപുഴ: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റം പവർ ഹൗസ് ചരിത്രനേട്ടം കൈവരിച്ചു. വൈദ്യുതി ഉത്പാദനം 10,000 കോടി യൂണിറ്റ് ഇന്നലെ പിന്നിട്ടു. ഇന്നലെ പുലർച്ചെ 3.10നാണ് ഈ അഭിമാന നേട്ടം കൈവരിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി ഇതോടെ ചരിത്രത്തിന്റെ ഭാഗമായി മാറി.
ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിലെ കണക്കനുസരിച്ച് 1,00,003 ദശലക്ഷം യൂണിറ്റാണ് മൂലമറ്റം വൈദ്യുതനിലയത്തിലെ ഉത്പാദനം. ഒരു നിലയം മാത്രമുള്ള ഒരു ജല ജലവൈദ്യുത പദ്ധതി രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു നേട്ടം കൈവരിക്കുന്നത്. ചരിത്ര നേട്ടം കൈവരിക്കുന്നതിനു മുന്നോടിയായി കഴിഞ്ഞ ദിവസം മൂലമറ്റത്ത് കെഎസ്ഇബി ചെറിയ തോതിൽ ആഘോഷപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.