സ്വര്‍ണക്കടത്ത് കേസ് : ആറു പേരെക്കൂടി എൻഐഎ പിടികൂടി
Monday, August 3, 2020 12:37 AM IST
കൊച്ചി: നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസില്‍ ആറു പേരെകൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശികളായ മുഹമ്മദ് അലി, മുഹമ്മദ് അലി ഇബ്രാഹിം, എ.എം. ജലാല്‍, മലപ്പുറം സ്വദേശികളായ ഇ. സെയ്ദ് അലവി (ബാവ), പി. മുഹമ്മദ് ഷാഫി, പി.ടി. അബ്ദു എന്നിവരാണ് പിടിയിലായത്. പ്രതികളെ കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. ഇതോടെ സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അറസ്റ്റു ചെയ്തവര്‍ പത്തായി.
പിടിയിലായ മുഹമ്മദ് അലി തൊടുപുഴ ന്യൂമാന്‍ കോളജ് പ്രഫസറായിരുന്ന ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസിലെ പ്രതിയായിരുന്നു. ഇയാള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് കൂടിയാണ്. കൈവെട്ട് കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്നെങ്കിലും 2015ലെ വിചാരണയില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് എന്‍ഐഎ കോടതി വെറുതെ വിട്ടു. സ്വര്‍ണക്കടത്തിലെ സൂത്രധാരനായ പെരിന്തല്‍മണ്ണ സ്വദേശി കെ.ടി. റമീസില്‍ നിന്നു സ്വര്‍ണം വാങ്ങിയവരാണ് എ.എം. ജലാല്‍, സെയ്ദ് അലവി, മുഹമ്മദ് ഷാഫി, അബ്ദു എന്നിവര്‍.
സ്വര്‍ണം വാങ്ങാന്‍ ജലാലിനെ സഹായിക്കുകയും അതിനായി ഗൂഢാലോചന നടത്തുകയും ചെയ്തത് മുഹമ്മദ് അലി ഇബ്രാഹിമും മുഹമ്മദ് അലിയുമാണെന്ന് എന്‍ഐഎ വെളിപ്പെടുത്തി.
ദുബായില്‍ നിന്നു സ്വര്‍ണം അയച്ച ഫൈസല്‍ ഫരീദിനു സമാനമായ റോളുള്ള മൂവാറ്റുപുഴ സ്വദേശി റെബിന്‍സ് ഹമീദ്, കെ.ടി. റെമീസ് എന്നിവരുടെ വീടുകളില്‍ എന്‍ഐഎ ഇന്നലെ പരിശോധന നടത്തി. പരിശോധനയില്‍ രണ്ടു ഹാര്‍ഡ് ഡിസ്ക്, ഒരു ടാബ്ലെറ്റ്, എട്ട് മൊബൈല്‍ ഫോണുകള്‍, ആറ് സിം കാര്‍ഡ്, ഒരു ഡിജിറ്റല്‍ ഓഡിയോ റെക്കോര്‍ഡർ, അഞ്ച് ഡിവിഡി, പാസ്ബുക്ക്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, യാത്രാ രേഖകള്‍ എന്നിവ പിടിച്ചെടുത്തു.