പ്രധാനമന്ത്രിക്കു കത്ത്: നേരിട്ടു പണം കൈമാറുന്ന പദ്ധതി പ്രഖ്യാപിക്കണമെന്ന് ആന്റണി
Saturday, August 8, 2020 12:22 AM IST
തിരുവനന്തപുരം: കോവിഡ്, സാന്പത്തിക പ്രതിസന്ധി, പ്രകൃതിക്ഷോഭം എന്നിവ മൂലം പ്രതിസന്ധി നേരിടുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ജനവിഭാഗങ്ങൾക്കായി പ്രത്യേക ആശ്വസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് മുൻ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണി എംപി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സ്ഥിരവരുമാനമില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് നേരിട്ട് പണം കൈമാറുന്ന പദ്ധതി നടപ്പാക്കണമെന്ന ആവശ്യവും പ്രധാനമന്ത്രിക്കയച്ച കത്തിൽ അദ്ദേഹം ഉന്നയിച്ചു.
പ്രഖ്യാപിച്ച് അഞ്ച് മാസം കഴിഞ്ഞിട്ടും ലോക്ഡൗണും നിയന്ത്രണങ്ങളും കേരളം അടക്കമുള്ള മിക്ക സ്ഥലങ്ങളിലും ഇപ്പോഴും നിലനിൽക്കുന്നു. കോവിഡ് രൂക്ഷമായി ബാധിച്ച മേഖലകളിൽ രോഗബാധ നിയന്ത്രണ വിധേയമായിട്ടുണ്ട്.
രാജ്യത്തെ ജനസംഖ്യയിലെ നല്ലൊരു ശതമാനം സ്ഥിര വരുമാനമില്ലാത്തവരാണ്. ആരോഗ്യ പ്രശ്നങ്ങൾ, സാന്പത്തിക പ്രശ്നങ്ങൾ എന്നിവയ്ക്കൊപ്പം പ്രകൃതിക്ഷോഭ ഭീഷണിയും നേരിടേണ്ടി വരുന്നു. ഇവർക്കായി പ്രത്യേക പാക്കേജും സ്ഥിര വരുമാനമില്ലാത്തവർക്ക് നേരിട്ട് പണം കൈമാറുന്ന പദ്ധതിയും നടപ്പാക്കണമെന്ന് ആന്റണി ആവശ്യപ്പെട്ടു.