മടവീഴ്ച: 151 വർഷം പഴക്കമുള്ള ദേവാലയം തകർന്നു
Wednesday, August 12, 2020 12:50 AM IST
ആലപ്പുഴ: പള്ളാത്തുരുത്തി കരുവേലി, കൊന്പൻകുഴി പാടശേഖരങ്ങളിൽ ഉണ്ടായ മടവീഴ്ചയെത്തുടർന്ന് ആലപ്പുഴ ചുങ്കത്തിനു സമീപമുള്ള കൊന്പൻകുഴി സെന്റ് പോൾസ് സിഎസ്ഐ ദേവാലയം പൂർണമായും തകർന്നു. ചുങ്കം കരുവേലി- കൊന്പൻകുഴി പാടശേഖരങ്ങളിലാണ് മട വീഴ്ചയുണ്ടായത്.
മുൻവർഷങ്ങളിലെ പ്രളയങ്ങളെ മുഴുവൻ അതിജീവിച്ച പള്ളി ഇത്തവണ കുത്തൊഴുക്കിൽ പകുതിയോളം ഭാഗത്തെ അടിത്തറയടക്കം ഇളകിപ്പോയതോടെ തകർന്നുവീഴുകയായിരുന്നു. ഇന്നലെ പുലർച്ചെയുണ്ടായ അപകടത്തിൽ അൾത്താരയടക്കം തകർന്നു. പള്ളിയിലുണ്ടായിരുന്ന ഉപകരണങ്ങളടക്കം ഒഴുകിപ്പോയി. രണ്ടു പാടശേഖരങ്ങൾക്കു നടുവിലായിരുന്നു സെന്റ് പോൾസ് സിഎസ്ഐ ദേവാലയം.പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായതോടെ പ്രധാനരേഖകൾ അടക്കം മുല്ലയ്ക്കൽ സീറോ ജംഗ്ഷനിലെ ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിലേക്കു മാറ്റിയിരുന്നു.
ആലപ്പുഴ സിഎസ്ഐ ക്രൈസ്റ്റ് ചർച്ചിന്റെ കീഴിലുള്ള (ഉപസഭകളിലൊന്ന്) സെന്റ് പോൾസ് ദേവാലയത്തിൽ എല്ലാ ഞായറാഴ്ചകളിലും വിശുദ്ധ കുർബാനയും ബാക്കി ദിവസങ്ങളിൽ മറ്റു ശുശ്രൂഷകളും നടക്കാറുണ്ട്. 1869-ൽ സിഎംഎസ് മിഷണറിയായ ഫാ. ഡബ്ല്യു.ജെ. റിച്ചാർഡ്സണാണ് പള്ളി പണിയിച്ചത്. 30 കുടുംബങ്ങളാണ് ഈ ദേവാലയത്തിനു കീഴിലുള്ളത്. നാശനഷ്ടം കണക്കാക്കിയിട്ടില്ല. പ്രദേശത്ത് മടവീഴ്ചയുണ്ടാകുമെന്നു നേരത്തെ ജാഗ്രതാ നിർദേശമുണ്ടായിരുന്നു. കഴിഞ്ഞദിവസങ്ങളിലും ഈ പ്രദേശങ്ങളിൽ മട വീഴ്ചയുണ്ടായിരുന്നു. 8,000 പേരെ ഇതിനകം ഈ പ്രദേശത്തു നിന്നു മാറ്റിത്താമസിപ്പിച്ചു.