പെട്ടിമുടി: മുഴുവൻ പേരെയും കണ്ടെത്താനുള്ള സാധ്യത മങ്ങുന്നു
Thursday, August 13, 2020 12:23 AM IST
മൂന്നാർ: പെട്ടിമുടി അപകടത്തിൽ പെട്ട് കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ ഉൗർജിതമായി തുടരുന്നുണ്ടെങ്കിലും എല്ലാവരെയും കണ്ടെത്താനുള്ള സാധ്യത മങ്ങുന്നു. കഴിഞ്ഞ ദിവസം മൂന്നു പേരെ കണ്ടെത്താനായെങ്കിലും ഇനിയും കണ്ടെത്താനുള്ളത് 15 പേരെയാണ്.
എല്ലാവരും പുഴയിലെ ഒഴുക്കിൽ പെട്ടിരിക്കാമെന്നു തന്നെയാണ് രക്ഷാപ്രവർത്തകരുടെ അനുമാനം. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ കണ്ടെടുത്ത മൃതദേഹങ്ങൾ എല്ലാം തന്നെ കിലോമീറ്ററുകൾ അകലെയുള്ള പുഴയിൽ നിന്നുമായിരുന്നു. പെട്ടിമുടിയിൽ അപകടം നടന്ന ദിവസം 62 സെന്റീമീറ്റർ മഴ ലഭിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അതിശക്തമായ മഴയിൽ പുഴ കരകവിയുകയും ഒഴുക്ക് പ്രതീക്ഷിക്കാനാവാത്ത വിധം വർധിക്കുകയും ചെയ്തതോടെ പതിനഞ്ച് അടിയോളം താഴ്ചയിലുള്ള പുഴയിലെ വെള്ളം ഏതാണ്ട് ലയങ്ങൾ നിന്നിരുന്ന ഉയരത്തിൽ ഒഴുകിയെന്നാണ് കരുതുന്നത്. കല്ലും മണ്ണും അടിഞ്ഞ് പുഴയിൽ പതിച്ചതോടെ വെള്ളം ഉയർന്നത് ആളുകൾ ഒഴുക്കിൽപ്പെടാൻ ഇടയാക്കി.
ലയത്തിനു സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങൾ വരെ ഒഴുക്കിൽപ്പെട്ടു.