മന്ത്രി ജലീലിന് ലോകായുക്ത നോട്ടീസ്
Friday, August 14, 2020 12:34 AM IST
തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് മുഖേന ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തതിൽ സ്വജനപക്ഷപാതം കാട്ടി എന്ന പരാതിയിൽ മന്ത്രി കെ.ടി. ജലീലിന് ലോകായുക്ത നോട്ടീസ് അയച്ചു. ഹർജി ഫയലിൽ സ്വീകരിക്കുന്നതിനു മുന്‍പ് രേഖകൾ ഹാജരാക്കാനുണ്ടെങ്കിൽ 27ന് ഹാജരാക്കാനാണ് ജസ്റ്റീസ് സിറിയക് ജോസഫ് അടങ്ങിയ ബഞ്ച് നിർദേശിച്ചത്.
മലപ്പുറം സ്വദേശി രോഹിത് നൽകിയ പരാതിയിലാണ് മന്ത്രിക്കു ലോകായുക്ത നോട്ടീസ് നൽകിയത്. യുഎഇ കോണ്‍സിലേറ്റ് മുഖേന ഭക്ഷണ കിറ്റുകൾ സ്വന്തം പാർട്ടി പ്രവർത്തകർക്ക് വിതരണം ചെയ്യുക വഴി പക്ഷപാതം നടത്തിയെന്നും ഇങ്ങനെ ഒരു കാര്യം ചെയ്യുന്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ ജലീൽ പാലിച്ചില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. റംസാനുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റ് മുഖേന മലപ്പുറത്ത് സിപിഎം പാർട്ടി നേതാക്കൾക്കും ഇവരുടെ കുടുംബങ്ങൾക്കും ഭക്ഷ്യകിറ്റ് നൽകി എന്നു പരാതിയിൽ പറയുന്നു.