സർക്കാർ വാഹനങ്ങളുടെ വിവരങ്ങൾ വെബ്സൈറ്റിൽ
Wednesday, September 16, 2020 11:56 PM IST
തിരുവനന്തപുരം: എല്ലാ സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും സ്വന്തമായിട്ടുള്ളതും വാടകക്ക് ഉപയോഗി ക്കുന്നതുമായ വാഹനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ ധന വകുപ്പിന്റെ വെബ് സൈറ്റിൽ ലഭ്യമായ ’വീൽസ്’ എന്ന വെബ് അധിഷ്ഠിത വെഹിക്കിൾ മാനേജ്മെൻറ് സിസ്റ്റത്തിൽ രേഖപ്പെടുത്തേണ്ടതാണ്. അതിന്റെ അടിസ്ഥാനത്തിലേ ഇനിമുതൽ സർക്കാർ വാഹനങ്ങളുടെ വാങ്ങൽ, പരിപാലനം, വിൽപന, എന്നിവക്കാവശ്യമായ ജീവനക്കാരുടെ നിയമനം, തസ്തിക സൃഷ്ടിക്കൽ എന്നിവ നടത്തുവാൻ പാടുള്ളു.
സ്റ്റാറ്റ്യൂട്ടറി അല്ലാത്ത വിവിധ ജുഡീഷ്യൽ കമ്മീഷനുകളുടെ പ്രവർത്തനത്തിന് ഒരു ഏകോപിത ഓഫീസ് സംവിധാനം മതിയാകും. ഇതു സാധ്യമാക്കുന്നതിനുള്ള കരട് നടപടികൾ അവയുടെ നിർവഹണ കലണ്ടർ ഉൾപ്പെടെ ഒരു മാസത്തിനുള്ളിൽ തയാറാക്കാൻ ആഭ്യന്തര, നിയമ വകുപ്പുകൾക്ക് നിർദേശം നൽകും.
സർക്കാർ ഓഫീസിലെയും സ്ഥാപനങ്ങളിലെയും ഈ സാന്പത്തിക വർഷത്തിൽ ശേഷിക്കുന്ന മാസങ്ങളിലെ പദ്ധതി, പദ്ധതിയേതര ചെലവ് എന്നിവ ചുരുക്കുന്നതിനുള്ള പ്രായോഗിക നിർദേശങ്ങൾ അവിടങ്ങളിലെ ഉദ്യോഗസ്ഥർ ധനവകുപ്പ് പ്രസിദ്ധീകരിക്കുന്ന നിശ്ചിത ഫോറത്തിൽ ഓണ്‍ലൈനായി അവരുടെ സ്ഥാപന മേധാവികൾക്കു സമർപ്പിക്കണം. ഒരു വർഷത്തേക്ക് സർക്കാർ കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കൽ, സർക്കാർ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഫർണിച്ചർ വാങ്ങൽ, വാഹനങ്ങൾ വാങ്ങൽ എന്നിവ അനുവദിക്കുന്നതല്ല.
ഒൗദ്യോഗിക ചർച്ചകൾ, യോഗങ്ങൾ, പരിശീലനങ്ങൾ, ശില്പശാലകൾ, സംവാദങ്ങൾ തുടങ്ങിയ പരിപാടികളെല്ലാം പരമാവധി ഓണ്‍ലൈനായി നടത്തണം. ഒൗദ്യോഗിക യാത്രാചെലവുകളുടെ വിവരങ്ങൾ സമർപ്പിക്കുന്നതിനും പരിശോധിച്ചു പണം നൽകുന്നതിനും ഒരു ഏകീകൃത ഓണ്‍ലൈൻ സംവിധാനം സ്പാർക്കിൻറെ ഭാഗമായി ധനകാര്യ വകുപ്പ് രണ്ടു മാസത്തിനകം ഏർപ്പെടുത്തും.
ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇനിയും സൂക്ഷിക്കേണ്ട തില്ലെന്നും പുനരുപയോഗിക്കാൻ കഴിയില്ലെന്നും ഉറപ്പു വരുത്തിയിട്ടുള്ള സാധനങ്ങൾ വരുന്ന മൂന്നു മാസത്തിനുള്ളിൽ ഓണ്‍ലൈനിലൂടെ ലേലം ചെയ്തു വിൽക്കുന്നതിനുള്ള നടപടികൾ സ്റ്റോർ പെർച്ചസ് വകുപ്പ് കൈക്കൊള്ളണം.
കെട്ടിട സൗകര്യങ്ങളിൽ ഉപയോഗിക്കാതെ ശേഷിക്കുന്ന സ്ഥലം എത്രത്തോളം ഉണ്ടെന്നു കണ്ടെത്തി വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നവയെ അവിടേക്കു മാറ്റുന്നതിനും കൂടുതൽ സ്ഥലം അവശ്യമുള്ളവർക്കു നൽകുന്നതിനും വെബിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ വിവര ശേഖരണം നടത്തി രണ്ടു മാസത്തിനുള്ളിൽ പൊതുമരാമത്തു വകുപ്പ് നിർവഹണ നിർദേശങ്ങൾ തയാറാക്കേണ്ടതാണ്.
സർക്കാർ ഭൂമിയുടെ പാട്ടത്തുക അടിയന്തരമായി പിരിച്ചെടുക്കാൻ മിഷൻ മോഡിൽ ടാസ്ക്ഫോഴ്സ് രൂപീകരിക്കും. ഭൂമിയുടെ കന്പോളവില അനുസരിച്ച് പാട്ടത്തുക കണക്കാക്കാനും പൊതുമേഖലാ സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും ഉപയോഗ ശൂന്യമായിട്ടിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാനുമുള്ള നടപടികൾ സ്വീകരിക്കും.
ചെലവു ചുരുക്കൽ തീരുമാനങ്ങൾ എല്ലാ വകുപ്പിലും അവയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും കർശനമായി നടപ്പാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനും ഓണ്‍ലൈനായി റിപ്പോർട്ട് നൽകുന്നതിനും ഓരോ വകുപ്പിലും കുറഞ്ഞത് ഒരു വർഷത്തെയെങ്കിലും സേവന പരിചയം ഉള്ള ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും.
വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രവൃത്തിയുടെയും സപ്ലയറുടെയും ബില്ലുകൾ നവംബർ ഒന്നു മുതൽ ബിൽ ഡിസ്കൗണ്ടിംഗ് സംവിധാനത്തിലേക്കു മാറ്റും. അധിക വായ്പക്കുള്ള നിബന്ധനകൾ എത്രയും പെട്ടെന്ന് പാലിക്കാൻ എല്ലാ വകുപ്പുകൾക്കും അടിയന്തിര നിർദേശം നൽകും.