കോവിഡ് നിരീക്ഷണത്തിലായിരുന്ന ഗൃഹനാഥൻ മരിച്ചു
Monday, September 21, 2020 12:38 AM IST
നെടുങ്കണ്ടം: കുടുംബാംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലിരുന്ന ഗൃഹനാഥൻ മരിച്ചു. നെടുങ്കണ്ടം കുന്നുകുഴി മാധവപ്പള്ളിൽ എം.ഡി. രാമൻകുഞ്ഞാണ്(67) മരിച്ചത്. തിരുവനന്തപുരത്ത് ലൈഫ്മിഷനിലെ ജീവനക്കാരനായ ഇദ്ദേഹത്തിന്റെ മകൻ അനൂപിന് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
നെടുങ്കണ്ടം കരുണാ ആശുപത്രിയിൽ ചികിത്സകൾക്കുശേഷം സുഖംപ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയിരുന്നു. മകന് കോവിഡ് സ്ഥിരീകരിച്ചതിനാൽ കുടുംബാംഗങ്ങൾ ക്വാറന്ൈറനിലായിരുന്നു. ഇന്നലെ പുലർച്ചെ രാമൻകുഞ്ഞിന് ശ്വാസതടസം നേരിട്ടതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് ആന്റിജൻ ടെസ്റ്റ് നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. പിന്നീട് ട്രൂനെറ്റ് പരിശോധന നടത്തിയപ്പോൾ ഫലം ഭാഗികമായി പോസിറ്റീവാണ്. ഇദ്ദേഹത്തിന് കോവിഡിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. ഇതിനാൽ സ്രവം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. കോവിഡ് ലക്ഷണങ്ങളുള്ളതിനാൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് മൃതദേഹം സംസ്കരിച്ചത്. നെടുങ്കണ്ടത്തെ ആദ്യകാല വക്കീൽ ക്ലർക്കായിരുന്നു. ഭാര്യ: നിർമല. സ്വപ്നയാണ് മറ്റൊരു മകൾ. മരുക്കൾ: രമ്യ, കുഞ്ഞുമോൻ.