മലയാറ്റൂരിൽ കെട്ടിടത്തിൽ പൊട്ടിത്തെറി രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു
Tuesday, September 22, 2020 12:33 AM IST
മലയാറ്റൂർ: പാറ പൊട്ടിക്കാനായി കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു കോവിഡ് ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. കർണാടക ചാമരാജ് നഗർ സ്വദേശി ഡി. നാഗ (34), തമിഴ്നാട് സേലം സ്വദേശി പെരിയണ്ണൻ ലക്ഷ്മണൻ (40) എന്നിവരാണ് മരിച്ചത്.
മലയാറ്റൂർ ഇല്ലിത്തോടിനു സമീപം പോട്ട എന്ന സ്ഥലത്തെ സ്വകാര്യ വ്യക്തിയുടെ പാറമടയ്ക്കു സമീപം ഇന്നലെ പുലർച്ചെ 3.30 നായിരുന്നു അപകടം. സ്ഫോടനത്തിൽ വെടിമരുന്ന് സൂക്ഷിച്ചിരുന്ന 1,500 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം പൂർണമായും തകർന്നു. മരിച്ച ഒരാളുടെ മൃതദേഹം അരയ്ക്കു താഴെ ചിതറിയ നിലയിലായിരുന്നു.
പൊട്ടിത്തെറിയുടെ പ്രകന്പനം നാല് കിലോമീറ്റർ ചുറ്റളവിൽ വരെ നീണ്ടു. സമീപത്തെ വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു. ഭിത്തിക്കു പൊട്ടലുണ്ടായി. മരിച്ച രണ്ടു തൊഴിലാളികളും ലോക്ക്ഡൗണിൽ ഇളവുകൾ വന്നതോടെ നാട്ടിൽനിന്നു തിരിച്ചെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു. മൃതദേഹങ്ങൾ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ കുറ്റകരമല്ലാത്ത നരഹത്യയ്ക്കു പാറമട ഉടമ നീലീശ്വരം സ്വദേശി ബെന്നിക്കെതിരേ കേസെടുത്തു.