പതിമൂന്നുകാരി ഇടിമിന്നലേറ്റ് മരിച്ചു
Wednesday, September 30, 2020 12:23 AM IST
പൊൻകുന്നം: ചിറക്കടവ് തെക്കേത്തുകവല കുരങ്ങൻമലയിൽ ഇടിമിന്നലേറ്റ് പതിമൂന്ന് വയസുകാരി മരിച്ചു. കട്ടപ്പന ഉപ്പുതറ മത്തായിപാറ പ്ലാമൂട് പുത്തൻപുരയിൽ പി.ആർ. രാജേഷിന്റെ മകൾ അക്ഷയ രാജേഷാണ് മരി ച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു അപകടം.
കുരങ്ങൻമലയിയിലുള്ള ബന്ധു വീട്ടിൽ എത്തിയതായിരുന്നു കുട്ടി. ശക്തമായ ഇടിയും മഴയും ഉണ്ടായപ്പോൾ പുറത്തുനിന്ന് വീട്ടിലേക്ക് കയറും വഴിയാണ് രണ്ടു തവണ ഇടിമിന്നലേറ്റത്. ഉടൻ തന്നെ പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിനുള്ളിൽ ഉണ്ടായിരുന്ന രാധമ്മ, ഇവരുടെ പേരക്കുട്ടി ദിശ എന്നിവർക്കും ഇടിമിന്നലിൽ പരിക്കേറ്റു. ഏലപ്പാറയിലെ കോൺവന്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് അക്ഷയ. സഹോദരൻ: അഭിജിത്ത്.