പ്രസവത്തെ തുടർന്ന് നവജാതശിശു മരിച്ചു
Thursday, October 1, 2020 12:57 AM IST
പത്തനംതിട്ട: പ്രസവത്തെ തുടർന്ന് നവജാതശിശു മരിച്ചു. സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കളുടെ പരാതി. റാന്നി തോട്ടമണ്‍ സ്വദേശിയായ മോനിഷ (21)യുടെ കുട്ടിയാണ് ഇന്നലെ പുലർച്ചെ മരിച്ചത്. ഡോക്ടർമാരുടെ അനാസ്ഥയാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ ബഹളം വച്ചു.പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മോനിഷയ്ക്ക് ഇന്നലെ പുലർച്ചെ ഒന്നരയോടെ പ്രസവ വേദന അനുഭവപ്പെട്ടതിനേ തുടർന്ന് ലേബർ റൂമിലേക്ക് മാറ്റി.
അൽപ സമയത്തിന് ശേഷം പ്രസവം നടന്നു. പിന്നീടാണ് കുട്ടി മരിച്ചുവെന്ന് ബന്ധുക്കളെ അറിയിച്ചത്. ഇതോടെ ഒപ്പമുണ്ടായിരുന്നവർ ബഹളം വച്ചു. പോലീസ് എത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം കോവിഡ് പരിശോധനയ്ക്ക് ശേഷം ഇന്ന് കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടംനടത്തും. അതേ സമയം, മോനിഷയെ ഡോക്ടർമാർ കൃത്യസമയത്ത് നോക്കാതിരുന്നതാണ് കുട്ടി മരിക്കാൻ ഇടയാക്കിയതെന്ന് ബന്ധുക്കൾ പറയുന്നു.