അഗതി മന്ദിരങ്ങൾക്കും കന്യാസ്ത്രീ മഠങ്ങൾക്കും ഭക്ഷ്യധാന്യ കിറ്റ്
Thursday, October 1, 2020 11:07 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമുള്ളതും ഇല്ലാത്തതുമായ അഗതിമന്ദിരങ്ങൾ, ക്ഷേമ സ്ഥാപനങ്ങൾ, കന്യാസ്ത്രീ മഠങ്ങൾ, ആശ്രമങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയിലെ അന്തേവാസികൾക്ക് പലവ്യഞ്ജന കിറ്റ് വിതരണം ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു.
നാലുപേർക്ക് ഒരു കിറ്റ് എന്ന രീതിയിൽ സെപ്റ്റംബർ മുതൽ ഡിസംബർ വരെ റേഷൻ കടകൾ വഴി വിതരണം ചെയ്യും. ആവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു വകയിരുത്തും.
ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതി പ്രകാരം നിർമിക്കുന്ന ദുരിതാശ്വാസ അഭയകേന്ദ്രങ്ങളുടെ പരിപാലനത്തിനുള്ള സഞ്ചിത നിധി രൂപീകരിക്കുന്നതിന് 3.2 കോടി രൂപ സുനാമി പുനരധിവാസ പദ്ധതിയുടെ പലിശ തുകയിൽ നിന്നും അനുവദിക്കാനും തീരുമാനിച്ചു.