റബറിന്റെ വിലസ്ഥിരതാ പദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന്
Tuesday, October 20, 2020 12:33 AM IST
കോട്ടയം: ചെറുകിട റബർ കർഷകർക്ക് ആശ്വാസമായിരുന്ന സംസ്ഥാന സർക്കാരിന്റെ 150 രൂപ വിലസ്ഥിരതാപദ്ധതി അട്ടിമറിക്കാൻ ആസൂത്രിത നീക്കം അണിയറയിലൊരുങ്ങുന്നുവെന്നും മുഖ്യമന്ത്രി ഇടപെടണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ. വി.സി. സെബാസ്റ്റ്യൻ.
ഏപ്രിൽ മുതൽ വിലസ്ഥിരതാപദ്ധതി പ്രകാരമുള്ള തുക കർഷകർക്ക് കിട്ടിയിട്ടില്ല. ജൂണ്‍ മുതൽ കന്പ്യൂട്ടർ സാങ്കേതിക പ്രശ്നം മൂലം ബില്ലുകൾ അപ്ലോഡ് ചെയ്യാൻ സാധിക്കുന്നുമില്ല. അഞ്ചു മാസമായിട്ടും കെൽട്രോണിന്റെ നിയന്ത്രണത്തിലുള്ള സൈറ്റ് പ്രവർത്തനക്ഷമമാക്കുവാൻ ഉത്തരവാദപ്പെട്ടവർക്ക് സാധിക്കാത്തത് വീഴ്ചയാണ്. സർക്കാരും റബർ ബോർഡും ഇക്കാര്യത്തിൽ ഒളിച്ചോട്ടം നടത്തുന്നത് ദുഃഖകരമാണ്.
കോവിഡിന്റെ മറവിൽ റബർ ഉത്പന്നങ്ങളുടെ ഉത്പാദനം കുറഞ്ഞുവെന്ന വാദം ശരിയല്ല. പിന്നെ എന്തുകൊണ്ട് അസംസ്കൃത റബറിന്റെ ഇറക്കുമതി ഉയരുന്നുവെന്ന് റബർബോർഡ് വ്യക്തമാക്കണമെന്നും വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.