അന്തിമോപചാരം അർപ്പിച്ച് ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയും സഭാ പിതാക്കന്മാരും
Tuesday, October 20, 2020 1:38 AM IST
തിരുവല്ല: കാലം ചെയ്ത ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് ആദരം അർപ്പിച്ച് നാട്. മാർത്തോമ്മാ സഭാധ്യക്ഷ സ്ഥാനത്തു പിൻഗാമിയായിരുന്ന മെത്രാപ്പോലീത്തയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ മുൻഗാമി എത്തിയതും അപൂർവമായ അനുഭവമായി.
ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ മുൻഗാമിയായിരുന്ന ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയാണ് 103 - ാം വയസിലും ഇന്നലെ തിരുവല്ലയിലെത്തി തന്റെ പിൻഗാമിക്ക് അന്തിമോപചാരം അർപ്പിച്ച് പ്രാർഥിച്ചത്. കുന്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന വലിയ മെത്രാപ്പോലീത്തയുടെ താത്പര്യത്തെ തുടർന്ന് മെഡിക്കൽ സംഘത്തിന്റെ അകന്പടിയിലാണ് എത്തിച്ചത്. വീൽചെയറിലെത്തി ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ ഭൗതികശരീരത്തിനരികിൽ അല്പനേരം പ്രാർഥിച്ചശേഷം അദ്ദേഹം അനുശോചന സന്ദേശം നൽകുകയും ചെയ്തു.
സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, യാക്കോബായ സഭ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവ, സിഎസ്ഐ മോഡറേറ്റർ ബിഷപ് ധർമരാജ് റസാലം എന്നീ സഭാധ്യക്ഷന്മാർ നേരിട്ടെത്തി ആദരം അർപ്പിച്ചപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ വെർച്വലായി മെത്രാപ്പോലീത്തയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി എംപി, പരിശുദ്ധ ഇഗ് നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ എന്നിവരുടെ സന്ദേശങ്ങളും വായിച്ചു.
ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് ബിഷപ്പുമാരായ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസ് പുളിക്കൽ, മാർ തോമസ് തറയിൽ , ജോഷ്വാ മാർ ഇഗ്നാത്തിയോസ് കോട്ടയം അതിരൂപത നിയുക്ത സഹായ മെത്രാൻ മോണ്. ജോർജ് കുരിശുംമൂട്ടിൽ, തുടങ്ങിയവരും അന്തിമോപചാരം അർപ്പിച്ച് പ്രാർഥനകൾ നടത്തി.