പരമ്പരാഗത കാര്ഷികോപകരണങ്ങള്വാങ്ങാന് തയാറായി കാര്‍ഷിക സര്‍വകലാശാല
Tuesday, October 27, 2020 1:15 AM IST
കാസർഗോഡ്: പഴയകാലത്ത് ഉപയോഗിച്ചിരുന്ന കലപ്പയോ നുകമോ വിത്തുപൊതിയോ ഉണ്ടെങ്കില്‍ ന്യായവില നല്കി ഏറ്റെടുക്കാന്‍ കേരള കാര്‍ഷിക സര്‍വകലാശാല തയാര്‍. സര്‍വകലാശാലയുടെ പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തിനു കീഴില്‍ പുതുതായി തുടങ്ങുന്ന ടി.എസ്. തിരുമുമ്പ് കാര്‍ഷിക-സാംസ്കാരിക പഠനകേന്ദ്രത്തിലെ മ്യൂസിയത്തിലേക്കുവേണ്ടിയാണ് കാര്‍ഷികോപകരണങ്ങള്‍ സമാഹരിക്കുന്നത്.
കലപ്പ, നുകം, വിത്തുകള്‍ ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന വിത്തുപൊതി, നെല്ല് അളക്കാന്‍ ഉപയോഗിച്ചിരുന്ന വെള്ളിക്കോല്, ചെറിയ കുളങ്ങളിലും കിണറുകളിലും നിന്ന് കൃഷിസ്ഥലത്തേക്ക് വെള്ളമെത്തിക്കാന്‍ ഉപയോഗിച്ചിരുന്ന ഏത്താംകൊട്ട, ജലചക്രം, കട്ടക്കുഴ, ഊര്‍ച്ചമരം തുടങ്ങി പഴയകാല കാര്‍ഷികസംസ്കാരവുമായി ബന്ധപ്പെട്ട എല്ലാത്തരം ഉപകരണങ്ങളും സര്‍വകലാശാല ഏറ്റെടുക്കും. ഉപകരണത്തിന്റെ കാലപ്പഴക്കത്തിനനുസരിച്ചാണ് വിലയിടുക.
ഫോൺ: 0467 2260632