നിയമസഭയിലെ അക്രമം; സര്‍ക്കാർ ആവശ്യം തള്ളി, മന്ത്രിമാർ ഇന്നു കോടതിയിൽ എത്തണം
Wednesday, October 28, 2020 12:32 AM IST
കൊച്ചി: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയിലുണ്ടായ അക്രമങ്ങളെത്തുടര്‍ന്നു രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായ മന്ത്രിമാരടക്കമുള്ളവര്‍ ഇന്നു വിചാരണക്കോടതിയില്‍ ഹാജരാകുന്നതു തടയണമെന്ന സര്‍ക്കാർ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. കേസില്‍ വിചാരണ നടക്കുകയല്ലേ, തുടരട്ടേയെന്നു വാക്കാല്‍ പറഞ്ഞ സിംഗിള്‍ ബെഞ്ച് ഈ ഘട്ടത്തില്‍ ഇടപെടുന്നില്ലെന്നും വ്യക്തമാക്കി.
മന്ത്രിമാരായ ഇ.പി. ജയരാജന്, കെ.ടി. ജലീല്‍ തുടങ്ങിയ ആറു പ്രതികള്‍ ഇന്നു ഹാജരാകണമെന്നു തിരുവനന്തപുരം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഒക്ടോബര്‍ 15 ലെ ഈ ഉത്തരവു തടയണമെന്ന സര്‍ക്കാരിന്റെ ആവശ്യമാണു സിംഗിള്‍ ബെഞ്ച് നിരസിച്ചത്.
നിയമസഭയിലെ കൈയാങ്കളി കേസ് റദ്ദാക്കാനുള്ള സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണനയ്ക്കു വന്നപ്പോഴാണു മന്ത്രിമാരടക്കമുള്ള പ്രതികളുടെ കാര്യത്തില്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ ഇളവു തേടിയത്. ഈയാവശ്യം നിരസിച്ച ഹൈക്കോടതി അപ്പീലില്‍ ചില രേഖകള്‍ കൂടി ഹാജരാക്കാന്‍ നിര്‍ദേശിച്ച് ഹര്‍ജി അടുത്തമാസം മൂന്നിലേക്കു മാറ്റി.
2015 മാര്‍ച്ച് 13 നാണ് നിയമസഭയില്‍ കൈയാങ്കളി അരങ്ങേറിയത്. അന്നത്തെ എംഎല്‍എമാരായിരുന്ന കെ. അജിത്, ഇ.പി. ജയരാജന്, സി.കെ. സദാശിവന്, വി. ശിവന്‍കുട്ടി, കെ.ടി. ജലീല്‍, കെ. കുഞ്ഞുമുഹമ്മദ് എന്നിവരെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് തിരുവനന്തപുരം സിജെഎം കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്കി. രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടെന്നാണ് അന്തിമ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
2018 ല്‍ കേസും വിചാരണ നടപടികളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു പ്രോസിക്യൂഷന് കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും നിരസിച്ചു. ഇതിനെതിരേയുള്ള അപ്പീലാണ് ഹൈക്കോടതിയിലുള്ളത്. നിയമസഭയ്ക്ക് അകത്തു നടന്ന സംഭവങ്ങളില്‍ നിയമപരിരക്ഷയുണ്ടെന്നും ഇതു വിലയിരുത്താതെയാണു വിചാരണക്കോടതി അപേക്ഷ നിരസിച്ചതെന്നും ചൂണ്ടിക്കാട്ടിയാണു സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.